പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന്‍ ഉദ്ഘാടനം 15ന് ചങ്ങനാശ്ശേരിയില്‍

കോഴിക്കോട്: ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയം മുന്‍നിര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈമാസം 15 മുതല്‍ 31 വരെ ദേശീയ ആരോഗ്യ കാംപയിന്‍ സംഘടിപ്പിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം  15ന് വൈകീട്ട് 4.30ന് ചങ്ങനാശ്ശേരിയില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ലത്തീഫ് അറിയിച്ചു. പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും വ്യാപകമാവുകയും സമൂഹം രോഗാതുരമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യമുള്ള തലമുറ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് പോപുലര്‍ ഫ്രണ്ട് എല്ലാവര്‍ഷവും ആരോഗ്യ കാംപയിന്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്ത് മുന്‍പന്തിയിലാണെന്ന് ആവകാശപ്പെടുമ്പോഴും, നമ്മുടെ സംസ്ഥാനം ഇന്ന് പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലാണ്. അതുകൊണ്ടു തന്നെ ആരോഗ്യമുള്ള തലമുറ വളര്‍ന്നുവരേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് നിരന്തര ബോധവല്‍ക്കരണം ആവശ്യമാണ്. സംസ്ഥാനത്ത് ഇത്തവണ വിപുലമായ പരിപാടികളോടെ കാംപയിന്‍ ആചരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഡിവിഷന്‍തലങ്ങളില്‍ കൂട്ടയോട്ടം, ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍, യോഗ, ആയോധന കലാപ്രദര്‍ശനം, സ്‌പോര്‍ട്‌സ് മീറ്റ് തുടങ്ങിയ പരിപാടികള്‍ കാംപയിന്‍ കാലയളവില്‍ സംഘടിപ്പിക്കും. 15ന് വൈകീട്ട് 4.30ന് കൂട്ടയോട്ടത്തോടെയാണ്  ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നത്.
Next Story

RELATED STORIES

Share it