പോപുലര്‍ ഫ്രണ്ട് അപലപിച്ചു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതുകള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ എം ഷരീഫ് അപലപിച്ചു.
ഹരിയാനയില്‍ രണ്ടു ദലിത് കുട്ടികള്‍ ചുട്ടെരിക്കപ്പെട്ട സംഭവം ജാതീയ ഭീകരത കുട്ടികളെപ്പോലും വെറുതെ വിടാന്‍ സന്നദ്ധമല്ലെന്നു തെളിയിക്കുന്നു. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഉത്തര്‍പ്രദേശില്‍ ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഒരു വൃദ്ധന്‍ ചുട്ടെരിക്കപ്പെട്ടു. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍ അംബേദ്കര്‍ ഗാനം മൊബൈല്‍ റിങ്ട്യൂണാക്കിയതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
ഉന്നത ജാതിയില്‍പ്പെട്ടവര്‍ കീഴാള ജനതയുടെ മേല്‍ അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നതിലൂടെ ഇതു തെളിയിക്കുന്നത് നമ്മുടെ രാജ്യത്തു നിന്ന് സാമൂഹിക അസമത്വം ഇല്ലായ്മചെയ്യാന്‍ സാധിച്ചിട്ടില്ലായെന്നതാണ്. മാത്രമല്ല മനുഷ്യന്റെ അടിസ്ഥാന അവകാശമായ ജീവനു സുരക്ഷ ഏര്‍പ്പെടുത്താന്‍ സാധിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. ഈ സംഭവത്തെ ഒരു നായയുടെ നേരെ കല്ലെറിയുന്നതിനോട് ഉപമിച്ച കേന്ദ്രമന്ത്രി വി കെ സിങിന്റെ നടപടിയും അപലപിക്കപ്പെടേണ്ടതുണ്ട്.
മോദി അധികാരത്തിലെത്തിയതിനുശേഷം ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ നടത്തിക്കൊണ്ടിരിക്കുന്ന അത്യന്തം വിഭാഗീയതയും സ്‌ഫോടനാത്മകവുമായ പ്രസ്താവനകള്‍ ജാതീയ കോമരങ്ങള്‍ക്ക് അക്രമങ്ങള്‍ നടത്താന്‍ കരുത്തുപകരുകയാണ്. ഈ ജാതീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാവണമെന്നും കെ എം ഷരീഫ് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it