Flash News

പോപുലര്‍ ഫ്രണ്ടിന് വിദ്യാര്‍ഥിസമൂഹത്തിന്റെ ഐക്യദാര്‍ഢ്യം

കണ്ണൂര്‍: ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പോപുലര്‍ ഫ്രണ്ടിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് വിദ്യാര്‍ഥി സമൂഹം. “നിരോധനം കൊണ്ട് നിശ്ശബ്ദമാക്കാനാവില്ല’ എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ആക്റ്റിവിസ്റ്റുകളും മാധ്യമ-പൊതുപ്രവര്‍ത്തകരും പങ്കെടുത്തു.
നിരോധനത്തിനെതിരേ കാന്‍വാസില്‍ കൈയൊപ്പ് ചാര്‍ത്തിയാണ് പരിപാടി തുടങ്ങിയത്. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ടിനു മാത്രമല്ല, ഫാഷിസ്റ്റ് ഭീഷണി നേരിടുന്ന ഓരോ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും കൂടിയുള്ള ഐക്യദാര്‍ഢ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. വിയോജിപ്പുകള്‍ നിലനിര്‍ത്തിയും ബഹുമാനിച്ചും ഫാഷിസത്തെ ചെറുക്കാന്‍ പൊതുവേദികള്‍ ഉണ്ടാക്കിയതാണ് പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കാരണമെന്നും ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം എസ് മുഹമ്മദ് റാഷിദ് പറഞ്ഞു.
ആശയസംവാദങ്ങളെ അഭിമുഖീകരിക്കാനാവാത്ത ഫാഷിസത്തിന്റെ മിനിമം ഭാഷയാണ് നിരോധ—മെന്നും ഹിന്ദുസ്ഥാന്‍ ഇന്ന് ബാന്‍സ്ഥാനായി മാറുകയാണെന്നും വിദ്യാര്‍ഥികളാണ് രാജ്യത്തെ പ്രതിപക്ഷമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പ്രദീപ് നെന്‍മാറ പറഞ്ഞു. അപ്രഖ്യാപിത അടിയന്തരാവസ്ഥക്കാലത്ത് നിരോധനത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആര്‍ക്കും ഐക്യദാര്‍ഢ്യം അര്‍പ്പിക്കാതിരിക്കാനാവില്ലെന്ന് എസ്‌ഐഒ സംസ്ഥാന സമിതിയംഗം മുജീബ് പാലക്കാട് പറഞ്ഞു. മനുഷ്യ ജീവിതം തന്നെ നിരോധിക്കപ്പെടുന്ന കാലത്ത് കൈയില്‍ തോക്കേന്തി നടക്കുന്ന ആര്‍എസ്എസ് നേതാക്കളുടെ നാട്ടില്‍ ജീവിക്കുകയെന്നതുതന്നെ ഭയപ്പെടുത്തുന്നുവെന്ന് മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ മൃദുല ഭവാനി പറഞ്ഞു.
നിരോധനം കൊണ്ട് നിശ്ശബ്ദമാക്കാനാവില്ല എന്നുതന്നെയാണ് കശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പശ്ചിമഘട്ട മലനിരകളും പ്രഖ്യാപിക്കുന്നതെന്ന് ന്യൂസ് പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ് പടച്ചേരി പറഞ്ഞു. ഡിഎസ്എ സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ ഷാജി പാണ്ട്യാല, കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസ്സമ്മില്‍, സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫ, സംസ്ഥാന സമിതിയംഗങ്ങളായ ഷഫീഖ് കല്ലായി, ഹാദിയ റഷീദ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി എം അമീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it