Flash News

പോപുലര്‍ ഫ്രണ്ടിന്റെ വാള്‍ നിര്‍മാണകേന്ദ്രം: സംഘപരിവാര നുണ പ്രചാരണം പൊളിയുന്നു

പോപുലര്‍ ഫ്രണ്ടിന്റെ വാള്‍ നിര്‍മാണകേന്ദ്രം: സംഘപരിവാര നുണ പ്രചാരണം പൊളിയുന്നു
X
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹിന്ദുക്കളെ ആക്രമിക്കാന്‍ ആയുധങ്ങള്‍ ശേഖരിച്ചു വച്ചുവെന്ന തരത്തില്‍ സംഘപരിവാര സംഘടനകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജ പ്രചാരണം നടത്തുന്നതിന്റെ തെളിവുകള്‍ പുറത്ത്. സിഖ് മതസ്ഥര്‍ വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന കൃപാണ്‍ (വാള്‍) നിര്‍മിക്കുന്ന പഞ്ചാബിലെ ഒരു ഫാക്ടറിയിലെ ചിത്രം ഉപയോഗിച്ചാണു സംഘപരിവാര സംഘടനകള്‍ പോപുലര്‍ ഫ്രണ്ടിനെതിരേ വ്യാപകമായി വ്യാജ പ്രചാരണം നടത്തുന്നത്.



ഭഗ്‌വ ദിവാനെ എന്ന എഫ് ബി ഐഡിയില്‍ നിന്നാണു പഞ്ചാബിലെ കൃപാണ്‍ നിര്‍മാണശാലയിലെ ഗോഡൗണില്‍ വാളുകള്‍ സൂക്ഷിച്ചു വച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഹിന്ദിയില്‍ അടിക്കുറിപ്പ് നല്‍കി ഉത്തരേന്ത്യക്കാര്‍ക്കിടയില്‍ വ്യാജ പ്രചാരണം നടത്തുന്നത്. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ഒരാഴ്ച പിന്നിട്ട ശേഷമാണു ചില അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ ഇതു പഞ്ചാബിലെ ഒരു കൃപാണ്‍ നിര്‍മാണശാലയുടെ ചിത്രമാണെന്നു കണ്ടെത്തിയത്.
'ഉറങ്ങിക്കിടക്കുന്ന ഹിന്ദുക്കളേ' എന്ന് അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന ഹിന്ദിയിലുള്ള ഫേസ്ബുക്ക് കുറിപ്പ് വളരെ വിദ്വേഷവും പ്രകോപനപരവുമായ രീതിയിലാണ് എഴുതിയിരിക്കുന്നത്. മുസ്‌ലിംകള്‍ ഹിന്ദുക്കളെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുന്നു. ഈ ആയുധങ്ങള്‍ കേരള പോലിസ് പിഎഫ്‌ഐ ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതാണെന്നാണു കുറിപ്പിലുള്ളത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ മദ്‌റസകളും പള്ളികളും വഴി  ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വിതരണം ചെയ്തിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. സംഭവം വ്യാജമാണെന്നു വെളിപ്പെടുന്നതിനു മുമ്പ് ഇത് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഇത്തരത്തില്‍ ഒരു റെയ്ഡ് കേരള പോലിസ് നടത്തി ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നു പോലിസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവം സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നു പോപുലര്‍ ഫ്രണ്ട് കേരള സംസ്ഥാന സെക്രട്ടറി സി പി മുഹമ്മദ് ബഷീറും പറഞ്ഞു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഫേസ്ബുക്ക് ഐഡികള്‍ക്കെതിരേ സൈബര്‍സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ പാട്യാല ജില്ലയിലുള്ള കല്‍സ കൃപാണ്‍ എന്ന സിഖ് വാള്‍ ഫാക്ടറിയുടെ പടമാണു സംഘപരിവാരം വ്യാജ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
പാട്യാലയിലെ വാള്‍ ഫാക്ടറിയുടെ ഉടമയായ ബച്ചന്‍ സിങും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സംഘം വിനോദസഞ്ചാരികള്‍ തന്റെ വാള്‍ ഫാക്ടറി സന്ദര്‍ശിച്ച സമയത്ത് അക്കൂട്ടത്തില്‍ ഒരാള്‍ എടുത്തതാണ് ഈ പടങ്ങളെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു വ്യക്തമാക്കി.
കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഇവിടെ പ്രവര്‍ത്തിക്കുന്നതാണ് ഈ വാള്‍ ഫാക്ടറി. പഞ്ചാബിന്റെ എല്ലാ ഭാഗങ്ങളിലേക്കും തങ്ങള്‍ കൃപാണ്‍ വിതരണം ചെയ്യുന്നുണ്ടെന്നു ബച്ചന്‍ സിങിന്റെ സഹോദരന്‍ സിന്‍ഹാര സിങ് പറഞ്ഞു. സിഖ് വിശ്വാസികള്‍ നിര്‍ബന്ധമായും പുലര്‍ത്തേണ്ട അഞ്ചു കാര്യങ്ങളില്‍ ഒന്നാണു കൃപാണ്‍ ധരിക്കുക എന്നത്.
Next Story

RELATED STORIES

Share it