Flash News

പോപുലര്‍ ഫ്രണ്ടിന്റെ നിലപാടുകളോട് ഏറ്റുമുട്ടാന്‍ ഹിന്ദുത്വ ഫാഷിസത്തിന് കഴിയില്ല: നാസറുദ്ദീന്‍ എളമരം



തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് മുന്നോട്ടുവയ്ക്കുന്ന നിലപാടുകളോട് ഏറ്റുമുട്ടാന്‍ ഹിന്ദുത്വ ഫാഷിസത്തിനു കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. തിരുവനന്തപുരത്ത് നടന്ന മഹാസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അടിത്തറയില്ലാത്ത ആശയംകൊണ്ടാണ് അവര്‍ പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കാന്‍ വരുന്നവര്‍ ചരിത്രം ഓര്‍ക്കുന്നതു നന്നായിരിക്കും. ഫറോവമാരും ഹിറ്റ്‌ലറും മുസോളനിയും നല്ല കോലത്തിലല്ല ഓര്‍മിക്കപ്പെടുന്നതെന്ന് ഇന്നത്തെ ഹിറ്റ്‌ലര്‍മാരും മുസോളനിമാരും മനസ്സിലാക്കണം. പോപുലര്‍ ഫ്രണ്ടിന് രാജ്യസ്‌നേഹബന്ധിതമായ നിലപാടുണ്ട്. മനുഷ്യനെ ശത്രുവായി കാണുന്ന, ഹിംസ ആദര്‍ശമാക്കിയ ഫാഷിസമാണ് ഇന്ത്യയുടെ ശത്രു. മാധ്യമങ്ങളിലൂടെ പടച്ചുവിടുന്ന മുഴുവന്‍ വാര്‍ത്തകളുടെയും പ്രഭവകേന്ദ്രം ആര്‍എസ്എസാണ്. അവരുടെ അടുക്കളയില്‍ പാചകം ചെയ്യുന്നത് വിഷമാണെന്ന് അറിയാതെ പലരും വാരിവിഴുങ്ങി വിതറിക്കൊണ്ടിരിക്കുകയാണ്. ഈ വിഷബാധയേല്‍ക്കുക എല്ലാവരെയുമായിരിക്കും. പോപുലര്‍ ഫ്രണ്ട് ആരോടും ചോദിച്ചിട്ട് തുടങ്ങിയ സംഘടനയല്ല. അതു നിലപാടും ആശയവുമാണ്. അതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. എന്‍ഐഎ ആര്‍എസ്എസിന്റെ കൂട്ടിലെ തത്തയാണ്. മതേതരകക്ഷികളുടെ അനാവശ്യമായ തൂക്കമൊപ്പിക്കല്‍ അപകടമാണ്. പലപ്പോഴും വോട്ടഭ്യര്‍ഥിച്ചു വരുന്നവര്‍ പ്രതിസന്ധിഘട്ടത്തില്‍ സമുദായത്തിനൊപ്പം നിന്നിട്ടില്ല. ഇനി നില്‍ക്കുകയുമില്ല. ശരിയായ പാതയില്‍ പോപുലര്‍ ഫ്രണ്ട് തലയുയര്‍ത്തി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it