Flash News

പോപുലര്‍ ഫ്രണ്ടിനെതിരേ വ്യാജ വാര്‍ത്തകള്‍: ചാനലുകള്‍ക്ക് താക്കീത്:വാര്‍ത്തകള്‍ സൈറ്റില്‍ നിന്നും യുട്യൂബില്‍ നിന്നും പിന്‍വലിക്കണം

പോപുലര്‍ ഫ്രണ്ടിനെതിരേ വ്യാജ വാര്‍ത്തകള്‍: ചാനലുകള്‍ക്ക് താക്കീത്:വാര്‍ത്തകള്‍ സൈറ്റില്‍ നിന്നും യുട്യൂബില്‍ നിന്നും പിന്‍വലിക്കണം
X
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനെതിരേ വ്യാജ വാര്‍ത്തകള്‍ നല്‍കിയ റിപബ്ലിക് ടിവി, ടൈംസ് നൗ, ഇന്ത്യാ ടുഡേ, ആജ്തക് എന്നിവയ്ക്ക് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (എന്‍ബിഎസ്എ)യുടെ താക്കീത്. സംഘടനയെക്കുറിച്ച് നല്‍കിയ വ്യാജവാര്‍ത്തകള്‍ ചാനലുകളുടെ സൈറ്റില്‍ നിന്നും യുട്യൂബില്‍ നിന്നും പിന്‍വലിക്കണമെന്ന് എന്‍ബിഎസ്എ നിര്‍ദേശം നല്‍കി.അടിസ്ഥാനരഹിതമായ വിവരങ്ങള്‍ അപകീര്‍ത്തികരമായ വാര്‍ത്തകളായി അവതരിപ്പിച്ച ചാനലുകള്‍ എന്‍ബിഎസ്എ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നൈതികതയും ലംഘിക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. ചാനലുകള്‍ക്കെതിരായി എന്‍ബിഎസ്എ പുറപ്പെടുവിച്ച ഉത്തരവ് നാഷനല്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്റെ (എന്‍ബിഎ) വാര്‍ഷിക റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.



ഉത്തരവിന്റെ കോപ്പി ചാനലുകള്‍ക്ക് അയക്കണം. കൂടാതെ എന്‍ബിഎസ്എയിലെ നിയമകാര്യ തലവന്‍, പത്രാധിപന്‍മാര്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കും ഉത്തരവിന്റെ പകര്‍പ്പുകള്‍ നല്‍കണമെന്നും റിട്ട. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ നിര്‍ദേശിച്ചു. ഈ ഉത്തരവ് പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങളില്‍ നല്‍കണമെന്നും എന്‍ബിഎസ്എയോട് ആവശ്യപ്പെട്ടു.
2017 നവംബര്‍ 1ന് ആജ്തകും 2ന് ഇന്ത്യാടുഡേയും സംപ്രേഷണം ചെയ്ത വ്യാജവാര്‍ത്തയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി എം മുഹമ്മദ് അലി ജിന്ന, വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ എസ് സൈനബ എന്നിവര്‍ ഡിസംബര്‍ 5ന് നല്‍കിയ പരാതിയാണ് എന്‍ബിഎസ്എ പരിഗണിച്ചത്. 'കേരളം മതംമാറ്റ ഫാക്ടറി' എന്ന പേരില്‍ ഈ ചാനലുകള്‍ നടത്തിയ 'ഒളികാമറ ഓപറേഷനെ'തിരേയാണ് ഇരുവരും പരാതി നല്‍കിയത്. പോപുലര്‍ ഫ്രണ്ട് അംഗം പോലുമല്ലാത്ത പത്രപ്രവര്‍ത്തകന്‍ പി അഹ്മദ് ശരീഫിനെ സംഘടനയുടെ സ്ഥാപകാംഗം എന്ന പേരില്‍ വ്യാജമായി ചിത്രീകരിച്ച് അഭിമുഖം ചെയ്ത് സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് മുഹമ്മദ് അലി ജിന്ന നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
കോടതികളോ മറ്റ് അധികാര കേന്ദ്രങ്ങളോ കണ്ടെത്തുകയോ പ്രഖ്യാപിക്കുകയോ ചെയ്യാത്തിടത്തോളം ചാനലുകള്‍ സംഘടനയെപ്പറ്റി 'ദേശദ്രോഹി', 'ലൗജിഹാദ് കാ സാഹിര്‍' എന്നീ പദങ്ങള്‍ ഉപയോഗിച്ചത് എന്‍ബിഎസ്എയുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പോപുലര്‍ ഫ്രണ്ടും ചാനലുകളും നല്‍കിയ രേഖകള്‍ പരിശോധിച്ച ജഡ്ജി വ്യക്തമാക്കി. വ്യക്തികളെയും സംഘടനകളെയും ഇത്തരം അധിക്ഷേപാര്‍ഹമായ മുദ്രകള്‍ ചാര്‍ത്തുമ്പോള്‍ ചാനലുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
2017 ഒക്ടോബര്‍ 7, നവംബര്‍ 5 തിയ്യതികളില്‍ ടൈംസ് നൗവില്‍ 'ബാന്‍ പിഎഫ്‌ഐ' എന്ന ഹാഷ്ടാഗില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ക്കെതിരേയാണ് സംഘടന ചാനലിനെതിരേ പരാതി നല്‍കിയിരുന്നത്. 2018 ജനുവരി 10ന് റിപബ്ലിക് ടിവിയില്‍ 'പിഎഫ്‌ഐ നിരോധിക്കുക' എന്ന ഹാഷ്ടാഗില്‍ സംപ്രേഷണം ചെയ്ത പരിപാടിക്കെതിരേയാണ് ഫെബ്രുവരി 7ന് സംഘടന എന്‍ബിഎസ്എക്ക് പരാതി നല്‍കിയിരുന്നത്.
നാലു ചാനലുകളും സംഘപരിവാരത്തിന് അനുകൂലമായി പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ മുമ്പിലാണ്.
Next Story

RELATED STORIES

Share it