Flash News

പോപുലര്‍ ഫ്രണ്ടിനെതിരായ യുഎപിഎ കേസുകള്‍ പൊളിയുന്നു

ആബിദ് ചെറുവണ്ണൂര്‍
കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിനെതിരേ ചുമത്തിയ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) കേസുകള്‍ ഓരോന്നായി പൊളിയുന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനില്‍ നിന്ന് അല്‍ഖാഇദയുടെയും താലിബാന്റെയും ഭീകര പരിശീലന സിഡി കണ്ടെടുത്തുവെന്ന് ആരോപിച്ചെടുത്ത കേസില്‍ പ്രതിയെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ഇതോടെ സംഘടനയ്‌ക്കെതിരേ പോലിസ് ചുമത്തിയ മൂന്ന് യുഎപിഎ കേസുകളില്‍ രണ്ടാമത്തെ കേസാണ് തകര്‍ന്നടിയുന്നത്. നാറാത്ത് ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചിരുന്നു.
ഇനി മൂവാറ്റുപുഴയില്‍ പ്രവാചകനിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ മാത്രമാണ് സംഘടനയ്‌ക്കെതിരേ യുഎപിഎ നിലനില്‍ക്കുന്നത്. ഭീകര പരീശീലന സിഡി കൈയില്‍വച്ചെന്ന് ആരോപിച്ചെടുത്ത കേസിന്റെ പശ്ചാത്തലത്തിലായിരുന്നു മൂവാറ്റുപുഴ കേസില്‍ യുഎപിഎ ചുമത്തിയത്. ഇതില്‍ പ്രതിചേര്‍ക്കപ്പെട്ട ആലുവ പട്ടേരിപ്പുറം സ്വദേശി കുഞ്ഞുമോനെ വെറുതെ വിട്ടതോടെ ഫലത്തില്‍ ഈ കേസിലെ യുഎപിഎയും ഇല്ലാതാവുമെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചന. പ്രാദേശികമായി നടന്ന ഒരു സംഭവത്തിന് അന്താരാഷ്്ട്ര ഭീകരബന്ധം ആരോപിക്കാനും അതുവഴി പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടാനും പോലിസ് കെട്ടിച്ചമച്ച കഥയാണ് ഇതെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു.
നാറാത്ത് കേസിലും പോലിസ് സമാനമായ രീതിയിലാണ് പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തിയത്. 2013 ഏപ്രില്‍ 23ന് കണ്ണൂര്‍ ജില്ലയിലെ നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ നിന്ന് മയ്യില്‍ പോലിസ് 21 പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരേ പിന്നീട് പോലിസ് കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി യുഎപിഎ ചുമത്തുകയും അന്വേഷണം എന്‍ഐഎക്ക് കൈമാറുകയുമായിരുന്നു. ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം കാംപയിന്റെ പരിശീലന ഭാഗമായി ഒത്തുകൂടിയതായിരുന്നു പ്രവര്‍ ത്തകര്‍. നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നു കണ്ടെത്തിയ നോക്കുകുത്തി, ഇഷ്ടികക്കട്ട, ചാക്കുനൂല്‍, ഇറാനിലെ കിഷ് ദ്വീപിലേക്കുള്ള പാസ്, മണി എക്‌സ്‌ചേഞ്ച് സ്ഥാപനം നടത്തുന്ന യുവാവിന്റെ അക്കൗണ്ടില്‍ വന്ന തുക എന്നിവ ഭീകരപരിശീലനത്തിന്റെ തെളിവുകളായി പോലിസും രാഷ്ട്രീയ നേതൃത്വവും ചില മാധ്യമങ്ങളും ചേര്‍ന്ന് അവതരിപ്പിച്ചു. കിഷിലേക്കുള്ള പാസ്സ് ഇറാനിലെ തിരിച്ചറിയല്‍ കാര്‍ഡാണെന്നുവരെ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു. പിടിയിലായവര്‍ക്ക് അഞ്ചും ആറും വയസ്സുള്ളപ്പോള്‍ നടന്ന കോയമ്പത്തൂര്‍ സ്‌ഫോടനവുമായി അറസ്റ്റിലായവരെ ബന്ധപ്പെടുത്താന്‍ വരെ ശ്രമങ്ങള്‍ നടന്നു.
റെയ്ഡുകള്‍ കൊണ്ടും കള്ളക്കഥകള്‍ കൊണ്ടും രക്ഷയില്ലെന്ന് കണ്ട പോലിസും എന്‍ഐഎയും ഒടുവില്‍ ജയിലില്‍ കഴിഞ്ഞിരുന്ന യുവാക്കളെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും മാപ്പുസാക്ഷിയാക്കാനും ശ്രമം നടത്തി.
കശ്്മീര്‍ റിക്രൂട്ട്‌മെന്റ്, പാനായിക്കുളം സിമി ക്യാംപ് കേസ് തുടങ്ങിയവയിലെല്ലാം മാപ്പുസാക്ഷികളെ സൃഷ്ടിച്ചു കേസ് ജയിച്ച പാരമ്പര്യവും നാറാത്ത് കേസില്‍ വിജയിച്ചില്ല. ഒടുവില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കുമേല്‍ ചുമത്തിയ യുഎപിഎ വകുപ്പും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാനിയമം 153ാം വകുപ്പും നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയാണ് 2016 ഡിസംബര്‍ 19ന് യുഎപിഎ റദ്ദാക്കിയത്. ഇതിനെതിരേ എന്‍ഐഎ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി.
Next Story

RELATED STORIES

Share it