malappuram local

പോത്തുകല്‍ പാതാറില്‍ പാലം തകര്‍ച്ചാഭീഷണിയില്‍

എടക്കര: മലവെള്ളപ്പാച്ചിലിനെതുടര്‍ന്ന് പോത്തുകല്‍ പാതാറില്‍ പാലം തകര്‍ച്ചാഭീഷണിയില്‍. അപകടാവസ്ഥ മുന്നില്‍ക്കണ്ട് പാലത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. പാതാറില്‍ ഇഴുവാത്തോടിനു കുറുകയുള്ള പാലമാണ് അടിഭാഗം ഒലിച്ചുപോയി തകര്‍ച്ചാഭീഷണിയിലായിരിക്കുന്നത്. മലാംകുണ്ട്, പാതാര്‍, തുടങ്ങി പാലത്തിനിരുവശവും താമസിക്കുന്ന കുടുംബങ്ങള്‍ ആശങ്കയിലാണ്. ഇന്നലെ മേഖലയില്‍ മഴയ്ക്ക് ശമനമുണ്ടായിരുന്നു. മഴ വിട്ടുനിന്നപ്പോള്‍ പുഴയിലെ ജലനിരപ്പ് കുറഞ്ഞതാണ് പാലത്തിന്റെ അടിഭാഗം ഒലിച്ച് പോയത് ശ്രദ്ധയില്‍പ്പെടാന്‍ കാരണം. തുടര്‍ന്ന്് പ്രദേശവാസികള്‍ ഭാരമുള്ള വാഹനങ്ങള്‍ക്കു കടന്നുപോവാനാവാത്ത വിധം പാലത്തിന്റെ ഭാഗം അടയ്ക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ പ്രിന്‍സ് ബാലന്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ മോഹന്‍ദാസ്, പോത്തുകല്‍ പഞ്ചായത്ത് സെക്രട്ടറി ടോമി ജോസഫ്, പോത്തുകല്‍ എസ്‌ഐ കെ ദിജേഷ് സ്ഥലം സന്ദര്‍ശിച്ചു. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. 1990ലാണ് ഇഴുവാത്തോടിന് കുറുകെ പാതാറില്‍ പാലം നിര്‍മിച്ചത്. പ്രദേശത്തുനിന്നു മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കു പോവുന്ന വിദ്യാര്‍ഥികളടക്കമുള്ള ആളുകള്‍ ദുരിതത്തിലായിരിക്കുകയാണ്. സ്‌കൂള്‍ ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ക്ക് ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരമായി പാലത്തിന്റെ കാലുകള്‍ ബലപ്പെടുത്തണമെന്നും സമീപത്തുതന്നെ പുതിയ പാലത്തിന് അനുമതി നല്‍കുന്നതിനായുള്ള നിയമ നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it