malappuram local

പോത്തുകല്ലില്‍ മുസ്്‌ലിംലീഗ് പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമം



എടക്കര: പോത്തുകല്ലില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം. പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് പോലിസ് പറഞ്ഞു. അക്രമത്തില്‍ രണ്ട് കാറുകള്‍, അഞ്ച് ബൈക്കുകള്‍, വീടിന്റെ ജനലുകള്‍ എന്നിവയും അടിച്ചുതകര്‍ത്തു. തുടിമുട്ടിയിലെ തോണിക്കര അബ്ദുല്ലയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുന്നൂറോളം വരുന്ന സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. അതേസമയം, തോണിക്കര അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഏതാനും മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് മൂന്ന് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടി. സിഐടിയു പ്രവര്‍ത്തകന്‍ കള്ളിപ്പാറ സാലി (50), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പി സച്ചിന്‍ (23), കളര്‍പാറ ഡെന്നിസ് (21) എന്നിവരാണ് ആശുപത്രിയിലുള്ളത്. രണ്ടാഴ്ച മുമ്പ് തുടിമുട്ടിയില്‍ ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് പറയപ്പെടുന്നു. ബുധനാഴ്ച വൈകീട്ട് പോത്തുകല്ലില്‍നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ ഞെട്ടിക്കുളത്തുവച്ച് അബ്ദുല്ലയുടെ കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ്് ആക്രമിച്ചതായി പറയുന്നു. തുടര്‍ന്ന് പോത്തുകല്‍ സ്റ്റേഷനിലെത്തിയ ഇയാളെ പോലിസ് കാവലിലാണ് വീട്ടിലെത്തിച്ചത്. പിന്നീട് എട്ടരയോടെ തുടിമുട്ടിയില്‍ എത്തിയ സംഘത്തില്‍ നിന്ന് രണ്ടുപേര്‍ വീടിനകത്തേക്ക് പ്രവേശിച്ചെങ്കിലും ഇവരെ ബലം പ്രയോഗിച്ച് പുറത്താക്കി കതകടക്കുകയായിരുന്നുവെന്ന് അബ്ദുല്ലയുടെ വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് വീടിനുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ജനലുകള്‍ക്കുനേരെ കല്ലെറിയുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിനിടെ പെട്രോള്‍ നിറച്ച കുപ്പി വീടിനുള്ളിലേക്ക് എറിഞ്ഞെങ്കിലും അപകടമുണ്ടായില്ല. അക്രമത്തിനുശേഷം പ്രകടനമായാണ് സംഘം പിരിഞ്ഞതെന്നും വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍, അക്രമം നടക്കുന്ന സമയത്ത് വിവരം അറിയിച്ചിട്ടും തക്ക സമയത്ത് സംഭവസ്ഥലത്തെത്താന്‍ പോലിസ് തയാറായില്ലെന്ന് ആരോപണമുണ്ടണ്‍്. ഏറെനേരം കഴിഞ്ഞ് എടക്കര സിഐ പി കെ സന്തോഷ്, പോത്തുകല്‍ എസ്‌ഐ കെ ദിജേഷ്, വഴിക്കടവ് എസ്‌ഐ എം അഭിലാഷ്, എടക്കര എസ്‌ഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും എംഎസ്പി ബറ്റാലിയനും സ്ഥലത്തെത്തി. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, മലപ്പുറത്തുനിന്ന് ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും വ്യാഴാഴ്ച സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഒരുമാസം മുമ്പ് സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഇടപെട്ടതിന്റെ പേരില്‍ കഴിഞ്ഞ 24ന് രാത്രി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ആനപ്പാന്‍ സുന്ദരന്റെ വീട് മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായും നേരത്തെ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം സനീഷിനെ മര്‍ദിച്ചതായും സിപിഎം ലോക്കല്‍ സെക്രട്ടറി പി ഷെഹീര്‍ പറഞ്ഞു. ബുധനാഴ്ച തോണിക്കര അബ്ദുല്ലയുടെ നേതൃത്വത്തില്‍ സമീപ പ്രദേശത്തെ ഏതാനും മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി മൂന്നുപേരെ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ആനപ്പാന്‍ സുന്ദരന്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരേ പോത്തുകല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Next Story

RELATED STORIES

Share it