thiruvananthapuram local

പോത്തന്‍കോട് ലഹരിമാഫിയ സജീവം; കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കഴക്കൂട്ടം: പോത്തന്‍കോട് വെഞ്ഞാറമൂട് ഭാഗങ്ങളിലെ സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന രണ്ടംഗ സംഘത്തെ പോലിസ് പിടികൂടി.
കഠിനംകുളം സെന്റാഡ്രൂസിന് സമീപം അഞ്ജലി ഭവനില്‍ ജിന്‍സണ്‍ (26), വെമ്പായം, നന്നാട്ടുകാവ് കിഴക്കേക്കര പുത്തന്‍ വീട്ടില്‍ ശ്രീകുട്ടന്‍ (20) എന്നിവരെയാണ് വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന 300 ഗ്രാം കഞ്ചാവുമായി പോത്തന്‍കോട് പോലിസ് പിടികൂടിയത്.
ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ ഒന്നാംപ്രതി ജിന്‍സണ്‍ ബാംഗ്ലൂരിലെ ചില ഹോട്ടലുകളില്‍ ജോലിയെടുത്തിരുന്നു. ഈ സമയത്ത് ലഹരി മാഫിയയുമായി ബന്ധം സ്ഥാപിച്ച പ്രതി ട്രെയിനും ആഡംബര ബസ്സുകള്‍ വഴിയുമാണ് കഞ്ചാവ് നാട്ടില്‍ എത്തിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.
അയ്യായിരം രൂപക്ക് ബാംഗ്ലൂരില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് ഇവിടയെത്തിച്ച് പതിനയ്യായിരം രൂപക്ക് വിറ്റുവന്നിരുന്നതായി പ്രതികള്‍ പോലിസിനോട് പറഞ്ഞു.
അയിരൂപ്പാറയില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചാണ് ജിന്‍സണ്‍ കച്ചവടം നടത്തിവന്നത്. റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദിന്റെ നിര്‍ദ്ദേശ പ്രകാരം കഞ്ചാവ് ഉപയോഗിക്കുന്ന സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ പോലിസ് നിരീക്ഷിച്ചിരുന്നു.
ഇവരില്‍ നിന്നും പോലിസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ വലയിലായത്.

വെഞ്ഞാറമൂട് സിഐ പ്രദീപ്കുമാര്‍, പോത്തന്‍കോട് എസ്‌ഐ ശ്രീജിത്ത്, എഎസ്‌ഐമാരായ നാസറുദ്ദീന്‍, മോഹനന്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it