thiruvananthapuram local

പോത്തന്‍കോട് ചിറ്റിക്കര പാറമട; സുരക്ഷാ മതില്‍ നിര്‍മിക്കും

കഴക്കൂട്ടം: അപകടം പതിവായ പോത്തന്‍കോട് ചിറ്റിക്കര പാറമടക്ക് സമീപത്തെ റോഡിലൂടെയുള്ള ഗാതഗതം സുരക്ഷിതമാക്കാന്‍ പാറമടയുടെ ഭാഗത്ത് സുരക്ഷാ മതില്‍ നിര്‍മിക്കുന്നു. സ്ഥലം എംഎല്‍എകൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 15 ലക്ഷം ഇതിനായി അനുവദിച്ചു.
കഴിഞ്ഞ ദിവസം ഈ പാറമടയില്‍ കാര്‍ മറിഞ്ഞ് അച്ഛനും മകനും മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് നടപടി. പഞ്ചായത്ത് പ്രോജക്ട് സമര്‍പ്പിക്കുന്ന മുറക്ക് തുക അടിയന്തിരമായി നല്‍കുമെന്ന് പാലോട് രവി അറിയിച്ചു. ഇതിനുമുമ്പ് ഒരു വഴിയാത്രക്കാരനും വിദ്യാര്‍ഥിയും പാറമടയില്‍വീണ് മരണപ്പെട്ടിരുന്നു.
അത്യാഹിതങ്ങള്‍ തുടര്‍ന്നതോടെ പറാമടയിലേക്ക് നീണ്ടുനില്‍ക്കുന്ന ഭാഗം കമ്പിവേലി കെട്ടി സുരക്ഷിതമാക്കാന്‍ പോത്തന്‍കോട് പഞ്ചായത്ത് തീരുമാനിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഫണ്ട് അനുവദിച്ചെങ്കിലും കരാര്‍ എടുക്കാന്‍ ആളില്ലാത്തതിനാലാണ് പദ്ധതി നടക്കാതെ പോയതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ എംഎല്‍എ ഫണ്ട് അനുവദിച്ചത് ഏറെ ആശ്വാസകരമാണെന്നും ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് അടുത്ത ദിവസം എംഎല്‍എയ്ക്ക് നല്‍കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇതിന് മുന്നോടിയായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് സെക്രട്ടറി കെ ബാബുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ഇന്നലെ പാറമട സന്ദര്‍ശിച്ച് സുരക്ഷാ മതില്‍ എങ്ങനെ നിര്‍മിക്കാമെന്നതിനെ കുറിച്ച് പരിശോധിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും നല്‍കാന്‍ പോകുന്ന 15 ലക്ഷത്തിന് പുറമേവരുന്ന ചിലവ് ബാക്കി തുക പഞ്ചായത്ത് നല്‍കുമെന്നാണ് അറിയുന്നത്. അപകട ഭീഷണി ഉയര്‍ത്തുന്ന പാറമടയിലൂടെ ചേര്‍ന്ന് പോകുന്ന 100 മീറ്റര്‍ നീളത്തില്‍ റോഡ് കടന്ന് പോകുന്ന ഭാഗമാണ് ഭിത്തി നിര്‍മിക്കുക. നിലവിലെ ഇടുക്കമുള്ള റോഡിന് കുറച്ച് കൂടി വീതി കൂട്ടാന്‍ സ്ഥലം അനുവദിച്ചാല്‍ ഇവിടെ ടാര്‍ ചെയ്യാമെന്നും എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it