wayanad local

പോക്‌സോ നിയമത്തിന്റെ പേരില്‍ ആദിവാസികളെ ജയിലിലടച്ച സംഭവം: ഹൈക്കോടതിക്ക് മുന്നില്‍ പൗരാവകാശസഭ

കല്‍പ്പറ്റ: പോക്‌സോ നിയമത്തിന്റെ പേരില്‍ ജയിലിലടച്ച ആദിവാസികളെ വിട്ടയ്ക്കണമെന്നവശ്യപ്പെട്ട് 19ന് ഹൈക്കോടതിക്ക് മുന്നില്‍ ആദിവാസി ഗോത്രമഹാസഭ പൗരവകാശസഭ സംഘടിപ്പിക്കുമെന്നു ജനാധിപത്യ ഊര് വികസന മുന്നണി കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുമെതിരേ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ 2013ല്‍ പാസാക്കിയ പോക്‌സോ നിയമത്തിന്റെ മറപിടിച്ച് ആദിവാസി-ദലിത് വിഭാഗങ്ങളെ ജയിലിലടയ്ക്കുന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് പൗരവകാശസഭ.
പാരമ്പര്യ രീതികളുടെ ഭാഗമായി നിയമാനുസൃതം പ്രായപൂര്‍ത്തിയാവാത്ത ആദിവാസി യുവതീയുവാക്കള്‍ വൈവാഹിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. ഇത്തരം കേസുകള്‍ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ആദിവാസി യുവാക്കളെ അറസ്റ്റ് ചെയ്യുന്നു. പിന്നീട് ഇവര്‍ക്ക് യാതൊരു തരത്തിലുമുള്ള നിയമോപദേശവും നീതിയും ലഭിക്കുന്നില്ല. ഇത്തരത്തിലുള്ള കേസുകളില്‍പ്പെട്ടവര്‍ക്ക് 20 വര്‍ഷം കഴിഞ്ഞാല്‍ പോലും കുറ്റപത്രം നല്‍കാറില്ല. ആദിവാസികളും ദലിതരും പരാതിക്കാരായാലും കുറ്റരോപിതരായാലും പോലിസും കോടതിയും വിഭാഗീയമായി പെരുമാറുകയും ഇവര്‍ക്കെതിരായ കേസുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വിചാരണ നടത്തി ജയിലില്‍ അടയ്ക്കുകയുമാണെന്ന് ആദിവാസി ഗോത്രമഹാസഭ ആരോപിച്ചു. മുത്തങ്ങ സംഭവത്തില്‍ നൂറുകണക്കിന് ആദിവാസി കുട്ടികളെ ജയിലിലടച്ചിട്ടും ഒരു പോലിസുകാരന്റെയോ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവിട്ട ജഡ്ജിയുടെയോ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമം ലംഘിച്ചതിന്റെ പേരില്‍ കേസെടുത്തിട്ടില്ല.
കേരളത്തിലെ ജയിലുകളില്‍ റിമാന്‍ഡ് പ്രതികളില്‍ 80 ശതമാനവും ആദിവാസികളും ദലിതരുമാണ്. ആദിവാസി പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡനത്തിനിരയാക്കിയ കേസില്‍ പോലും യഥാര്‍ഥ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. അവിവാഹിത അമ്മമാര്‍ എന്ന ഓമനപ്പേരില്‍ പോലിസ് പ്രചരിപ്പിക്കുന്ന നൂറുകണക്കിന് കേസുകളില്‍ ഒന്നില്‍ പോലും പീഡനത്തിന് കേസെടുത്തിട്ടില്ല.
പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം-1989 വന്നതിനു ശേഷം പോലും എസ്‌സി/എസ്ടി അതിക്രമ കേസുകളില്‍ 98 ശതമാനം ഉന്നത ജാതിക്കാരായ പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരേയാണ് പൗരവകാശസഭ സംഘടിപ്പിക്കുന്നത്.
വരുന്ന തിരഞ്ഞെടുപ്പില്‍ ഗോത്രമഹാസഭയോ ജനാധിപത്യ ഊര് വികസന സമിതിയോ മല്‍സരരംഗത്തില്ല. സി കെ ജാനു സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതിന് പിന്തുണ നല്‍കില്ല. പണിയ സമുദായക്കാര്‍ പോലുള്ള അവഗണിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി മല്‍സരരംഗത്തുള്ളവര്‍ക്കേ ഊര് വികസന സമിതിയുടെ പിന്തുണയുള്ളൂവെന്നും എം ഗീതാനന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രമേശന്‍ കൊയാലിപ്പുര, വി തിരുവണ്ണൂര്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it