പോക്‌സോ നിയമം: വൈത്തിരിയിലെ പന്ത്രണ്ടാമനായി അഭി വീണ്ടും ജയിലിലേക്ക്

കല്‍പ്പറ്റ: വൈത്തിരി 12, മാനന്തവാടി എട്ട്. വാര്‍ഡുകളുടെ എണ്ണമോ ജനപ്രതിനിധികളുടെ കണക്കോ അല്ലിത്. ആദിവാസി യുവാക്കളുടെ ജീവിതം നരകതുല്യമാക്കി ഇരുട്ടറയില്‍ തള്ളുന്ന പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്റ്റ്) നിയമപ്രകാരം ജില്ലയിലെ ജയിലുകളില്‍ കഴിയുന്നവരുടെ കണക്കാണിത്.
കഴിഞ്ഞ മാര്‍ച്ചില്‍ വൈത്തിരിയില്‍ ജയിലിലായരുന്നവരുടെ എണ്ണം 11 ആയി കുറഞ്ഞിരുന്നു. 20കാരനായ തോമാട്ടുചാല്‍ ചൂരിമൂല പണിയ കോളനിയിലെ അഭി ജാമ്യം ലഭിച്ച് പുറത്തിറങ്ങി. എന്നാല്‍, ഇപ്പോള്‍ വൈത്തിരിയിലെ പന്ത്രണ്ടാമനായി ഈ യുവാവ് വീണ്ടും ഇരുട്ടറയില്‍ തള്ളപ്പെട്ടിരിക്കുകയാണ്. ജാമ്യം ലഭിച്ചതിനു ശേഷം ജൂണ്‍ 17ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അഭി എത്തിയെങ്കിലും അഭിഭാഷകന്‍ ഇല്ലായിരുന്നു.
ആള്‍ബലവും പണവുമില്ലാത്തതിനാല്‍ അഭിഷാകനെ ഏര്‍പ്പാടാക്കാന്‍ കഴിഞ്ഞില്ല. എഴുത്തും വായനയും അറിയാത്ത യുവാവിന് അഭിഭാഷകനില്ലെന്ന സത്യവാങ്മൂലം എഴുതിക്കൊടുക്കാന്‍ പോലും കഴിഞ്ഞില്ല. അന്നു കോടതി പിരിയുംവരെ അവിടെ നിന്നു. തൊട്ടടുത്ത ദിവസം വീണ്ടും കോടതിയില്‍ ഹാജരാവാന്‍ കഴിയാത്തതാണ് അഭിയെ വീണ്ടും ജയിലിലെത്തിച്ചത്. ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ പോക്‌സോ ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ഝ ായി. അഭിക്ക് അച്ഛനെയും അമ്മയെയും കണ്ട ഓര്‍മയില്ല. അമ്മൂമ്മയാണ് വളര്‍ത്തിയത്. ഈച്ചമാനിക്കുന്ന് കോളനിയിലെ 16കാരിയെ വിവാഹം കഴിച്ചതോടെയാണ് പോക്‌സോ പ്രകാരം അഭി ജയിലിലായത്.
മീനങ്ങാടി അയ്യപ്പമൂല പണിയ കോളനിയിലെ ബാബു (21), കല്ലൂര്‍ തിരുവണ്ണൂര്‍ കോളനിയിലെ ശിവദാസന്‍ (20) തുടങ്ങിയവരൊക്കെ കരിനിയമത്തിന്റെ ഇരകളാണ്. ബാബുവിന് നാലു ജീവപര്യന്തമാണ് ശിക്ഷ. ഗോത്രാചാരപ്രകാരം തെറ്റു ചെയ്യാത്തവരാണ് ജയിലുകളില്‍ കഴിയുന്നതെന്ന് ഊരുമൂപ്പന്‍മാര്‍ വരെ ആണയിടുന്നു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്‌തെന്നതും ഒപ്പം കഴിഞ്ഞെന്നതുമാണ് ഇവരുടെ പേരിലുള്ള കുറ്റം. നിയമപരമായി പ്രായപൂര്‍ത്തിയാവാത്തവര്‍ തമ്മിലുള്ള വിവാഹം ആദിവാസി ഊരുകളില്‍ വ്യാപകമാണ്. കാലാകാലങ്ങളായി പിന്തുടരുന്ന ഊര് നിയമങ്ങള്‍ക്കനുസൃതമാണ് ഇവരുടെ ജീവിതം. ഇതിനു മുകളിലാണ് പോക്‌സോയെന്ന നിയമം കരിനിഴല്‍ വീഴ്ത്തുന്നത്.
Next Story

RELATED STORIES

Share it