പോക്‌സോ നിയമം ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആണ്‍-പെണ്‍ ലിംഗ വ്യത്യാസമില്ലാതെ കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലിംഗ സമത്വമുള്ള നിയമങ്ങള്‍ വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ലൈംഗികമായി ചൂഷണത്തിനിരയാവുന്നവര്‍ക്ക് നീതി ലഭിക്കാന്‍ പോക്‌സോ നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ടെന്നു കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം വ്യക്തമാക്കി.
ആണ്‍കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം ഇന്ത്യയില്‍ ഒരു അവഗണിക്കപ്പെട്ട യാഥാര്‍ഥ്യമാണെന്നു കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി മേനകാഗാന്ധി ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഓണ്‍ലൈന്‍ ഹരജിയുടെ മറുപടിയായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം ലിംഗപരമാവരുതെന്നും ലജ്ജയും അപമാനവും കാരണം ലൈംഗികാതിക്രമത്തിനിരയാവുന്ന ആണ്‍കുട്ടികള്‍ ജീവിതകാലം മുഴുവന്‍ മൗനം പാലിക്കുകയാണെന്നും ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനായി സിനിമാ നിര്‍മാതാവായ ഇന്‍സിയാ ദാരിവാല ചെയ്ഞ്ച്് ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റ് വഴി ആരംഭിച്ച ഭീമ ഹരജിയോട് പ്രതികരിക്കവേ മന്ത്രി പറഞ്ഞിരുന്നു. ലൈംഗികാതിക്രമത്തിനിരയാവുന്ന ഒരു പ്രധാനപ്പെട്ട ഇരകളാണ് ആണ്‍കുട്ടികള്‍.
ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. ലൈംഗികാതിക്രമത്തിനിരയായ ആണ്‍കുട്ടികളെ കുറിച്ച് പഠനം നടന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. 2007ല്‍ നടന്ന പഠനത്തില്‍, 53.2 ശതമാനം കുട്ടികള്‍ ഒന്നോ അതില്‍ കൂടുതലോ തവണ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ഇതില്‍ 52.3 ശതമാനവും ആണ്‍കുട്ടികളായിരുന്നുവെന്നും മന്ത്രാലയം നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
ഇത് നേരിടുന്നതിനായി, ലിംഗ വ്യത്യാസമില്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ പോക്‌സോ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങുന്നതെന്നാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നല്‍കുന്ന സൂചന.
Next Story

RELATED STORIES

Share it