പോക്‌സോ നിയമം; ആദിവാസികള്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ പഠനം നടത്തുമെന്ന് മന്ത്രി പി കെ ജയലക്ഷ്മി

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് നിയമമനുസരിച്ച് നിരപരാധികളായ ആദിവാസികള്‍ തടവറയിലാക്കപ്പെടുന്നതിനെതിരേ വിശദമായ പഠനം നടത്തുമെന്ന് മന്ത്രി പി കെ ജയലക്ഷ്മി.
പണിയ, കാട്ടുനായ്ക്ക ഗോത്രവിഭാഗത്തില്‍പ്പെട്ട നിരവധി യുവാക്കള്‍ ജയിലില്‍ കഴിയുന്നുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഇക്കാര്യം വിശദമായി പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി (പട്ടികവര്‍ഗ വകുപ്പ്) സുബ്രതോ ബിശ്വാസിന് നിര്‍ദേശം നല്‍കി. പട്ടികവര്‍ഗ വിഭാഗത്തിലെ വിവിധ ഗോത്ര വിഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ് തികയുന്നതിനുമുമ്പ് ആചാരപ്രകാരം വിവാഹം കഴിച്ച് ഇരുവരും ഒരുമിച്ചു താമസിക്കുക പതിവുണ്ട്. നിയമപ്രകാരം ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെങ്കിലും പലരും വേറെ കുടുംബമായി തന്നെയാണ് താമസിച്ചുപോരുന്നത്.
പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലാണ് ഈ രീതി കൂടുതലായുള്ളത്. ഇത്തരം കേസുകളില്‍ പലപ്പോഴും വിവാഹശേഷം പ്രശ്‌നം ഉണ്ടാവുമ്പോള്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പുരുഷന്‍മാരെ പോക്‌സോ നിയമപ്രകാരം കേസില്‍ ഉള്‍പ്പെടുത്തുകയുമാണു ചെയ്യുന്നത്.
ഇത്തരം സമൂഹങ്ങള്‍ക്കിടയില്‍ ഇതു തടയാന്‍ ശക്തമായ ബോധവല്‍ക്കരണം നടത്താനും ജയിലില്‍ കഴിയുന്ന നിരപരാധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനും പട്ടികവര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ വിവാഹപ്രായമെത്തുന്നതിനുമുമ്പ് ഗോത്രാചാരപ്രകാരം വിവാഹിതരാവുന്നവര്‍ക്ക് ജയില്‍ ശിക്ഷയില്‍നിന്ന് നിയമപരിരക്ഷ ലഭിക്കുന്നുണ്ടോ എന്നുള്ള കാര്യം വിശദമായി പഠിക്കണമെന്നും മന്ത്രി അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it