Flash News

പോക്‌സോ : ഡിജിപി പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചു



തിരുവനന്തപുരം: പോക്‌സോ കേസുകളിലെ അന്വേഷണവും തുടര്‍ന്നുള്ള നടപടികളും കുട്ടിയെ കൂടുതല്‍ മാനസിക സംഘര്‍ഷങ്ങളിലേക്കു നയിക്കാതെ ആശ്വാസം നല്‍കുന്നവയാവണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. കുട്ടിയെ പുനരധിവാസകേന്ദ്രത്തിലോ മറ്റോ ആക്കുന്നത് കുടുംബാംഗത്തോടൊപ്പം താമസിപ്പിക്കാനുള്ള സാധ്യത ഇല്ലാത്ത അവസരങ്ങളില്‍ മാത്രമാവണം. കുട്ടിയുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തറിയാതെ നോക്കേണ്ടത് പോലിസിന്റെ ഉത്തരവാദിത്തമാണെന്നും ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പോലിസ് മേധാവി ചൂണ്ടിക്കാട്ടി. വീട്ടിലോ കുട്ടിക്കു കൂടി സമ്മതമുള്ള സ്ഥലത്തോ വച്ച് മൊഴി രേഖപ്പെടുത്തണം. പെണ്‍കുട്ടികള്‍ ഇരകളാവുന്ന കേസില്‍ കഴിയുന്നതും വനിതാ പോലിസ് ഉദ്യോഗസ്ഥയാവണം മൊഴി രേഖപ്പെടുത്തേണ്ടത്. ഇത്തരം കേസുകളില്‍ ഇരയായ കുട്ടിയുമൊത്തുള്ള സമയത്ത് ഉദ്യോഗസ്ഥര്‍ യൂനിഫോമിലായിരിക്കരുത്.  കുട്ടിയെ ഒരു സാഹചര്യത്തിലും ലോക്കപ്പിലോ ജയിലിലോ മുതിര്‍ന്ന പ്രതികളോടൊപ്പമോ ആക്കരുത്. ആവശ്യകതയ്ക്കനുസരിച്ച് ഇന്റര്‍പ്രെട്ടര്‍മാര്‍, പരിഭാഷകര്‍, കൗണ്‍സലര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കണം. മോശപ്പെട്ട ഭാഷ മൊഴി രേഖപ്പെടുത്തുന്ന സമയത്തോ മറ്റവസരങ്ങളിലോ ഉപയോഗിക്കരുത്. അതിക്രമത്തിന്റെ ഭയാനകമായ ഓര്‍മകളുണര്‍ത്തുന്നവിധത്തില്‍ നേരിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് കടുത്ത മാനസിക സംഘര്‍ഷമുണ്ടാക്കുമെന്നതിനാല്‍ അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണം. പ്രതിയുമായി സമ്പര്‍ക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. പോക്‌സോ കുറ്റകൃത്യങ്ങള്‍ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരുന്നവയാണ്. അതുകൊണ്ടുതന്നെ അവയില്‍ പഴുതുകളടച്ച ശാസ്ത്രീയമായ അന്വേഷണം ഉണ്ടാവണം. ഇത്തരം കേസുകളില്‍ ഇരകളോട് ഏറ്റവും അനുഭാവപൂര്‍ണമായ സമീപനം പുലര്‍ത്തണം. അന്വേഷണവേളയില്‍ അവരോട് സൗഹാര്‍ദ മനോഭാവത്തോടെ ഇടപെടണം. ഇരയായ കുട്ടിക്ക് ആവശ്യമെങ്കില്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. ബന്ധുക്കള്‍ പ്രതികളാവുന്ന കേസുകളില്‍ കുട്ടിയെ സ്വാധീനിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത കൂടുതലായത് ഇത്തരം കേസുകളിലെ ശിക്ഷാനിരക്ക് കുറയുന്നതിനു കാരണമാവുന്നത് ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കുലറിലുണ്ട്. കുടുംബാംഗങ്ങളല്ലാത്ത സാക്ഷികള്‍, കുട്ടികളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍, കേസില്‍ ബന്ധപ്പെടുന്ന സാമൂഹികപ്രവര്‍ത്തകര്‍, പരിഭാഷക ന്‍, പുനരധിവാസകേന്ദ്രത്തിലെ അധികാരികള്‍ തുടങ്ങിയവരില്‍നിന്നുള്ള മൊഴികളും പ്രാധാന്യത്തോടെ രേഖപ്പെടുത്തണം. കഴിയുന്നത്ര സന്ദര്‍ഭങ്ങളില്‍ കുട്ടിയുടെ മൊഴി ദൃശ്യ, ശ്രാവ്യ ഉപകരണങ്ങളിലും റെക്കോഡ് ചെയ്യണം. കുട്ടികള്‍ക്കെതിരായ കേസുകളില്‍ അന്വേഷണത്തിലെ കാലതാമസം പ്രതികള്‍ക്ക് അനുകൂലമാവുമെന്നതിനാല്‍ അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് ഉറപ്പാക്കണമെന്നും പോലിസ് മേധാവി നിര്‍ദേശിക്കുന്നു. ഇക്കാര്യത്തില്‍ എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ അവബോധം നല്‍കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് ഡിജിപി അറിയിച്ചു.
Next Story

RELATED STORIES

Share it