പോക്‌സോ കേസ്: ശിക്ഷാനിരക്ക് വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പോക്‌സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കുന്നതിന് അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പോലിസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണ പുരോഗതിയും വിലയിരുത്തുന്നതിന് പോലിസ് ആസ്ഥാനത്തു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അദേഹം ഈ നിര്‍ദേശം നല്‍കിയത്. പൊതുവേ, കുറ്റകൃത്യങ്ങളിലുള്ള ശിക്ഷാനിരക്കില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണെങ്കിലും പോക്‌സോ കേസുകളില്‍ ശിക്ഷാനിരക്ക് കുറവാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും അതിക്രമങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ജില്ലകളിലെ ക്രമസമാധാന നിലയും കുറ്റാന്വേഷണ പുരോഗതിയും ക്രൈം കോണ്‍ഫറന്‍സില്‍ വിലയിരുത്തി. മിക്കവാറും എല്ലാ പ്രധാന കുറ്റകൃത്യങ്ങളിലെയും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതോടൊപ്പം കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതും അന്വേഷണ മികവിന്റെ തെളിവാണെന്ന് യോഗം വിലയിരുത്തി. കുറ്റാന്വേഷണം കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ചചെയ്തു.
Next Story

RELATED STORIES

Share it