World

പോംപിയോ സൗദി അറേബ്യയില്‍; ഗള്‍ഫ് ഐക്യത്തിന് ആഹ്വാനം

റിയാദ്: യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൗദി അറേബ്യയിലെത്തി. വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള പോംപിയോയുടെ ആദ്യ വിദേശയാത്രയാണിത്. ഗള്‍ഫ് മേഖലയുടെ ഐക്യം അത്യാവശ്യമാണെന്നും അത് നേടിയെടുക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈറിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പോംപിയോ പറഞ്ഞു.
ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം ഉടന്‍ അവസാനിപ്പിക്കണമെന്നും പോംപിയോ ആവശ്യപ്പെട്ടു. യമന്‍, സിറിയ അടക്കം പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ ഇറാന്‍ മുതലെടുക്കുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. മേഖലയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു, സായുധ സംഘങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നു എന്നീ ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞവര്‍ഷം ജൂണിലാണ് സൗദി അറോബ്യ, ബഹ്‌റയ്ന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്.
ഞായറാഴ്ച കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും സല്‍മാന്‍ രാജാവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച സൗദി അറേബ്യയിലെ ജിസാനില്‍ ഹൂഥികളുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടയുടനെയാണ് പോംപിയോയുടെ റിയാദ് സന്ദര്‍ശനം.
Next Story

RELATED STORIES

Share it