World

പോംപിയോ ഉത്തര കൊറിയന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തി

വാഷിങ്ടണ്‍: യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ന്യൂയോര്‍ക്കില്‍ ഉത്തര കൊറിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ഉച്ചകോടിക്കു മുന്നോടിയായാണു ചര്‍ച്ച.
കിം ജോങ് ഉന്നിന്റെ വലംകൈയും വര്‍ക്കേഴ്‌സ് പാര്‍ട്ടി വൈസ് ചെയര്‍മാനുമായ കിം യോങ് ചോളിന്റെ നേതൃത്വത്തിലുള്ള ഉത്തര കൊറിയന്‍ സംഘമാണു ചര്‍ച്ചയ്ക്കായി യുഎസിലെത്തിയത്. 18 വര്‍ഷത്തിനു ശേഷം യുഎസിലെത്തുന്ന ആദ്യ മുതിര്‍ന്ന ഉത്തര കൊറിയന്‍ നേതാവാണു കിം യോങ് ചോള്‍.
ഉത്തര കൊറിയന്‍ പ്രതിനിധി സംഘവുമായുള്ള പോംപിയോയുടെ ആദ്യഘട്ട ചര്‍ച്ച ബുധനാഴ്ച നടന്നു. മാന്‍ഹാട്ടന്‍ അപാര്‍ട്ട്‌മെന്റില്‍ ഇരുനേതാക്കളും പങ്കെടുത്ത ആത്താഴവിരുന്ന് ഒന്നര മണിക്കൂര്‍ നീണ്ടു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച പോംപിയോ ഉത്തര കൊറിയന്‍ സംഘവുമായി രണ്ടാംഘട്ട ചര്‍ച്ച നടത്തുന്നതായി വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ജൂണ്‍ 12നാണു കിം-ട്രംപ് ഉച്ചകോടി സിംഗപ്പൂരില്‍ വച്ചു നടക്കുക.  ഉത്തര കൊറിയയുടെ പ്രതികരണങ്ങള്‍ പ്രകോപനപരമാണെന്ന്് ആരോപിച്ച് ട്രംപ് ഉച്ചകോടിയില്‍ നിന്നു പിന്‍മാറിയിരുന്നു. ദക്ഷിണ കൊറിയയുടെ മധ്യസ്ഥതയിലാണ് വീണ്ടും ചര്‍ച്ചകള്‍ സജീവമായത്.
ഉച്ചകോടിക്കു  മുന്നോടിയായി  കിംജോങ് ഉന്നില്‍ നിന്ന് ഒരു കത്ത് പ്രതീക്ഷിക്കുന്നതായി ഡോണള്‍ ട്രംപ് അറിയിച്ചു.
ഉപരോധങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തര കൊറിയ ഉടന്‍ പൂര്‍ണമായും ആണവ നിരായുധീകരിക്കണമെന്നാണു യുഎസിന്റെ ആവശ്യം.  തങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഉറപ്പു ലഭിക്കാതെ ഉത്തര കൊറിയ അതിനു തയ്യാറാവില്ലെന്നാണു നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it