kannur local

പൊള്ളുന്ന ചൂടിലും വിഷുത്തിരക്കിലമര്‍ന്ന് നാടും നഗരവും

കണ്ണൂര്‍: വേനല്‍ചൂടില്‍ നാടും നഗരവും ചുട്ടുപൊള്ളുമ്പോഴും വിഷുത്തിരക്കിലമര്‍ന്ന് ജനങ്ങള്‍ നെട്ടോട്ടമോടുന്നു. സാധാരണ നിരത്തിലറങ്ങുന്ന വാഹനങ്ങള്‍ക്കു പുറമേ ചെറുവാഹനങ്ങളും നഗരത്തിലെത്തിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വഴിയോര കച്ചവടക്കാരെ കൊണ്ട് ഫൂട്പാത്തുകളും പ്രധാന കവലകളും നിറഞ്ഞു. വിഷുക്കോടിയെടുക്കാനും കണിക്കൊന്നയൊരുക്കാനുള്ള സാധനങ്ങള്‍ വാങ്ങാനും സ്ത്രീകളടക്കമുള്ളവര്‍ തെരുവ് കൈയ്യടക്കി.
ചുട്ടുപൊള്ളുന്ന നട്ടുച്ചനേരത്തും പ്രധാന നിരത്തുകളെല്ലാം കുരുക്കിലായതോടെ പോലിസും വിയര്‍ക്കുകയാണ്. ഏറെക്കാലത്തിനു ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണചൂടില്‍ വിഷുവും ആഘോഷമായി എത്തുന്നത്.
പ്രധാന മുന്നണി സ്ഥാനാര്‍ഥികളെല്ലാം വോട്ട് പിടിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ ആളുകള്‍ നഗരത്തിലേക്ക് ചേക്കേറുകയാണ്. പ്രധാന മേളകളിലെല്ലാം തിരക്ക് കൂടിക്കൂടി വരികയാണ്. പോലിസ് മൈതാനിയിലും ടൗണ്‍സ്‌ക്വയറിലും കൈത്തറി-ഖാദി മേളകള്‍ സജീവമായതോടെ പാര്‍ക്കിങിനു പോലും സ്ഥലമില്ലാതായി. ഇതോടെ വാഹനങ്ങളെല്ലാം റോഡരികിലും സ്വകാര്യ സ്ഥാപനങ്ങള്‍ക്കു മുന്നിലും പാര്‍ക്ക് ചെയ്യേണ്ട സ്ഥിതിയാണ്.
നഗരത്തിലെത്തുന്നവരില്‍ ഏറെയും വിഷുക്കോടികള്‍ തേടിയെത്തുന്നവരാണ്. ഇത്തവണയും ഖാദി-കൈത്തറി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
ചൂട് കൂടുന്നതാണ് ഇത്തരം വസ്ത്രങ്ങളോട് ആളുകള്‍ക്ക് താല്‍പര്യം കൂടാന്‍ കാരണമെന്ന് വസ്ത്ര മേളയിലെ ജീവനക്കാര്‍ പറയുന്നു. കണിയൊരുക്കാനുള്ള കൃഷ്ണ വിഗ്രഹങ്ങളും മണ്‍പാത്രങ്ങളും വില്‍ക്കുന്നതില്‍ മറുനാടന്‍ കച്ചവടക്കാരാണ് കൂടുതല്‍. പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ക്ക് 100 മുതല്‍ 500 വരെയാണ് വില.
വിഷു പ്രമാണിച്ച് ഇത്തവണ കണിക്കൊന്നകള്‍ നേരത്തേ പൂത്തു നില്‍ക്കുന്നതാണ് മറ്റൊരു വിഷുക്കാഴ്ച. ദേശീയപാതയോരത്തും നാട്ടിന്‍പുറങ്ങളിലും കണിക്കൊന്നകള്‍ സുലഭമാണ്. വിഷുവിനു പൊലിമ കൂട്ടുന്ന പ്രധാന ഇനങ്ങളായ പടക്കങ്ങള്‍ തേടിയെത്തുന്നവരില്‍ ഇക്കുറി കുറവ് വന്നിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
കൊല്ലത്തു നടന്ന വെടിക്കെട്ടപകടം രക്ഷിതാക്കളിലും കുട്ടികളിലും ഭീതി വിതച്ചിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. എങ്കിലും അപകടരഹിതമായ കളറിങ് പടക്കങ്ങളും ചൈനീസ് പടക്കങ്ങള്‍ക്കും പതിവുപോലെ വിറ്റു പോവുന്നുണ്ട്.
Next Story

RELATED STORIES

Share it