പൊള്ളല്‍ ചികില്‍സയ്ക്ക് സൗകര്യമില്ല; മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പൊള്ളല്‍ ചികില്‍സയ്ക്കുള്ള സൗകര്യങ്ങളുടെ അപര്യാപ്തതക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി കേസെടുത്തു.
ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മൂവ്‌മെന്റിന് ഡോ. എന്‍ കെ സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ജൂണ്‍ 13നുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. കേസ് ജൂണ്‍ 23ലെ എറണാകുളം സിറ്റിങില്‍ പരിഗണിക്കും. ഐസൊലേഷന്‍ വാര്‍ഡില്‍ അണുവിമുക്തമായ അന്തരീക്ഷത്തില്‍ തീവ്രപരിചരണം ലഭിക്കേണ്ട പൊള്ളലേറ്റ രോഗികള്‍ ജനറല്‍ വാര്‍ഡില്‍ മറ്റു രോഗികള്‍ക്കൊപ്പം കഴിയുകയാണെന്ന് പരാതിയില്‍ പറയുന്നു. പ്രാഥമിക ചികില്‍സ നല്‍കേണ്ട പ്ലാസ്റ്റിക് സര്‍ജന്‍മാര്‍ മെഡിക്കല്‍ കോളജുകളില്‍ പോലുമില്ല. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ 2 കോടി മുടക്കി പണികഴിപ്പിച്ച തീവ്രപരിചരണവിഭാഗവും പ്രതേ്യക ഓപറേഷന്‍ തിയേറ്ററും ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തുറന്നിട്ടില്ല. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോക്ടര്‍മാരില്ലാത്തതിനാല്‍ പൂട്ടിയിട്ടിരിക്കുകയാണ്.
എണ്ണ ശുദ്ധീകരണശാലയും ഫാക്ടും ഉള്‍പ്പെടുന്ന കൊച്ചിയില്‍ പേരിന് ബേണ്‍സ് യൂനിറ്റുണ്ടെങ്കിലും പ്രവര്‍ത്തനസജ്ജമല്ല. ശബരിമലയില്‍ അത്യാഹിതമുണ്ടായാല്‍ എത്തിക്കേണ്ട കോട്ടയം മെഡിക്കല്‍ കോളജില്‍ ബേണ്‍സ് യൂനിറ്റുപോലുമില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒന്നര കോടി മുടക്കി നിര്‍മിച്ച 8 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗം ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല.
2012- 17 കാലയളവില്‍ കേന്ദ്രസഹായം ലഭിക്കുമായിരുന്ന പൊള്ളല്‍ ചികില്‍സയ്ക്കുള്ള ദേശീയ ആരോഗ്യപദ്ധതി കേരളം നടപ്പാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഫൗണ്ടേഷനുവേണ്ടി പ്രഫ. എം കെ സാനു, ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, ഡോ. കെആര്‍ വിശ്വംഭരന്‍, ഡോ. എന്‍ കെ സനില്‍കുമാര്‍, പി രാമചന്ദ്രന്‍, സിജി രാജഗോപാലന്‍, അഡ്വ. ടി ബി മിനി എന്നിവരാണ് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it