malappuram local

പൊള്ളലേറ്റ് യുവതി മരിച്ച സംഭവം; ഭര്‍ത്താവിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം നമ്പൂരിപ്പൊട്ടി വടക്കേത്തൊടിക ഫിറോസിന്റെ ഭാര്യ അജിന(29) വീട്ടിലെ കുളിമുറിയില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അജിനയുടെ മാതൃസഹോദരന്‍ ചുങ്കത്തറ ആപ്പക്കാടന്‍ സൈതലവി നിലമ്പൂര്‍ പോലിസില്‍ പരാതി നല്‍കി. കഴിഞ്ഞ ആറിന് രാത്രി ഏഴരയോടെ വീടിന് പുറത്തുള്ള കുളിമുറിയില്‍ പൊള്ളലേറ്റ് അവശനിലയില്‍ കണ്ട അജിനയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 12 ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മരിച്ചു. അജിനയുടെ ശരീരത്തിന്റെ മുന്‍ ഭാഗത്താണു പൊള്ളലേറ്റിരുന്നത്.
പെട്രോള്‍ ഒഴിച്ച് ഫിറോസ് കത്തിച്ചതാണെന്ന സംശയവും സൈതലവി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടുകാരെ ആരെയും അറിയിക്കാതെ പൊള്ളലേറ്റ അജിനയെ നടത്തിയാണ് സമീപത്തെ റോഡിലെത്തിച്ചത്. എന്തുപറ്റിയെന്ന അയല്‍വാസികളുടെ ചോദ്യത്തിന് ഫിറോസ് തീപ്പൊള്ളലേറ്റ കാര്യം പറഞ്ഞിരുന്നില്ല. ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിരന്തരമായി അജിനയെ ഫിറോസ് ഉപദ്രവിക്കാറുണ്ടായിരുന്നെന്നും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളായിരുന്നു ഫിറോസ് എന്നും പൊള്ളലേല്‍ക്കുമ്പോള്‍ ധരിച്ചിരുന്ന നൈറ്റിയുടെ പിന്‍വശത്ത് തീ പടരാതിരുന്നതിലും സംശയമുെണ്ടന്നും പരാതിയില്‍ പറയുന്നു.
ഫിറോസിന്റെ സഹോദരന്‍ മുജീബ് കുളിമുറി കഴുകി വൃത്തിയാക്കിയതും സംശയമുണര്‍ത്തുന്നു. വീട്ടില്‍ കലഹം പതിവായിരുന്നു. ഫിറോസിന്റെ അനുജനും ഉമ്മയും ഇവരോടൊപ്പം ഒരു വീട്ടിലാണ് കഴിയുന്നതെങ്കിലും രണ്ട് അടുക്കളയിലായിരുന്നു പാചകം. നാല് ദിവസം മുന്‍പ് ഫിറോസ് അജിനയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലിരുന്നാണ് അജിന നേരം വെളുപ്പിച്ചതെന്ന് നാട്ടുകാര്‍ പോലിസിന് മൊഴി നല്‍കി. ഗള്‍ഫിലായിരുന്ന തന്നെ രണ്ടാഴ്ച മുന്‍പ് സഹോദരി ഫോണില്‍ വിളിക്കുകയും വരുമ്പോള്‍ കുട്ടിക്ക് ബാഗ് കൊണ്ടുവരണമെന്ന് പറയുകയും ചെയ്തിരുന്നുവെന്ന് സഹോദരന്‍ ആരിഫ് പറഞ്ഞു. സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും ആരിഫ് പറഞ്ഞു. നിലമ്പൂര്‍ വനിതസെല്‍ എസ്‌ഐ റസിയ ബങ്കാളത്ത്, സീനിയര്‍ ഡബ്ല്യൂസിപിഒ വിധു നാരായത്ത്, സിപിഒ വിഎം ഫിറോസ് എന്നിവര്‍ സ്ഥലത്തെത്തി ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നു മൊഴിയെടുത്തു. അജിനയുടെ മരണം അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ നമ്പൂരിപ്പൊട്ടിയില്‍ സര്‍വകക്ഷിയോഗം നടന്നു. നമ്പൂരിപ്പൊട്ടി അപ്പക്കാടന്‍ യൂസഫിന്റെയും ആയിശയുടെയും മകളാണ് അജിന. മക്കള്‍: ഫെബിന്‍, ഫര്‍സീന്‍, ഫൈഹ ഫാത്തിമ.
Next Story

RELATED STORIES

Share it