kasaragod local

പൊള്ളലേറ്റയാളെ ആശുപത്രിയില്‍ എത്തിച്ച യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി

കാഞ്ഞങ്ങാട്: പൊള്ളലേറ്റയാളെ ആശുപത്രിയിലെത്തിക്കാനും ആശുപത്രിയില്‍ പരിചരിക്കാനും സഹായിച്ച യുവാവിനെതിരെ കള്ള പരാതി നല്‍കി പീഡിപ്പിക്കുന്നതായി പരാതി. ലൈറ്റ് ആന്റ് സൗണ്ട് ഓപറേറ്ററായ ബളാല്‍ പാറയില്‍ പി കെ സെബിനാ(28)ണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
സെബിന്‍ പറയുന്നത് ഇങ്ങിനെ: കഴിഞ്ഞ മാസം 23ന് പുലര്‍ച്ചെ മൂന്നോടെ ഒടയംചാല്‍ ചക്കിട്ടടുക്കത്തെ സുഹൃത്ത് ശരത് വിളിച്ച് തന്റെ പിതാവ് ബാലകൃഷ്ണന്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണെന്നും ഉടനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനവുമായി എത്തണമെന്നും അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആംബുലന്‍സ് സംഘടിപ്പിച്ച് സ്ഥലത്തെത്തുകയും പൊള്ളലേറ്റയാളുടെ മകന്‍ ശരത്, ഭാര്യ, മകള്‍, സഹോദരി ഭര്‍ത്താവ് എന്നിവരോടൊപ്പം ആംബുലന്‍സില്‍ ബാലകൃഷ്ണനെ ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
എന്നാല്‍ പൊള്ളല്‍ ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് റഫര്‍ ചെയ്തു. അവിടെ അത്യാഹിത വിഭാഗത്തില്‍ കിടന്ന ബാലകൃഷ്ണന്‍ 27ന് മരണപ്പെട്ടു. ഇത്രയും ദിവസം ഇയാളുടെ സഹായത്തിന് ഭാര്യയോടും മകളോടുമൊപ്പം സെബിനും ഉണ്ടായിരുന്നു.
ഇതിന് ഏതാനും നാളുകള്‍ക്കു ശേഷം ബാലകൃഷ്ണന്റെ സഹോദരന്‍ പ്ലാച്ചിക്കരയിലെ രാഘവന്‍ ബാലകൃഷ്ണന്റെ മരണത്തിനുത്തരവാദി സെബിനാണെന്ന് കാണിച്ച് അമ്പലത്തറ പോലിസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിന്റെ പേരില്‍ നിരവധി തവണ തന്നെ അന്വേഷിച്ച് വീട്ടിലും തൊഴില്‍ സ്ഥലത്തും എത്തി പോലിസ് പീഡിപ്പിക്കുന്നുവെന്നാണ് സെബന്‍ പറയുന്നത്. ബാലകൃഷ്ണന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന സെബിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് അമ്പലത്തറ എസ്‌ഐ വിപിന്‍ചന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it