wayanad local

പൊള്ളമ്പാറ പാലം അപ്രോച്ച് റോഡ് തകര്‍ന്നു

മാനന്തവാടി: തവിഞ്ഞാല്‍-തൊണ്ടര്‍നാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊള്ളമ്പാറ പാലം അപ്രോച്ച് റോഡ് ഇടിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് റോഡ് തകര്‍ന്നത്. 200 മീറ്ററോളം നീളമുള്ള ഒരു ഭാഗത്തെ സമീപന റോഡിന്റെ 100 മീറ്ററിനടുത്ത് ഇടിഞ്ഞു.
വിള്ളല്‍ വ്യാപിക്കുന്നതു പാലത്തിനും റോഡിനും വന്‍ ഭീഷണിയായി. ആറുമാസം മുമ്പാണ് പൊള്ളമ്പാറ പാലത്തിന്റെ രണ്ടു ഭാഗത്തെയും സമീപന റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അരിക് എട്ടുമീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് 12 മിറ്റര്‍ വീതിയില്‍ റോഡ് മണ്ണിട്ട് നികത്തുകയായിരുന്നു. തുടര്‍ന്ന് ടാറിങ് പൂര്‍ത്തിയാക്കി. എന്നാല്‍, ഓവുചാല്‍ ഇല്ലാത്തതുമൂലം കനത്ത മഴയില്‍ വെള്ളം മണ്ണിലേക്ക് ഒലിച്ചിറങ്ങുകയും കോണ്‍ക്രീറ്റ് തകരുകയുമായിരുന്നു. പാലത്തിന്റെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതിനകം പൂര്‍ത്തീകരിച്ചിരുന്നു. ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് സമീപന റോഡ് തകര്‍ന്നത്.
ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും നിലവില്‍ വാഹനങ്ങള്‍ ഇതുവഴി ഓടുന്നുണ്ട്. റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. നാലുവര്‍ഷം മുമ്പാണ് ഇവിടെ കോണ്‍ക്രീറ്റ് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. പൊതുമാരാമത്ത് വകുപ്പ് ഏഴുകോടി 28 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം യാഥാര്‍ഥ്യമാക്കിയത്. വാളാട് ടൗണിനെയും പുതുശ്ശേരി ടൗണിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.
Next Story

RELATED STORIES

Share it