wayanad local

പൊലിക-2018 പ്രദര്‍ശനമേള സമാപിച്ചു

കല്‍പ്പറ്റ: എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവന്ന പൊലിക-2018 പ്രദര്‍ശനമേള സമാപിച്ചു. മുക്കാല്‍ ലക്ഷത്തോളം ആളുകളാണ് ഇക്കാലയളവില്‍ സ്റ്റാള്‍ സന്ദര്‍ശിച്ചത്. വയനാട് വികസനവഴികള്‍ എന്ന സെമിനാറും വൈകീട്ട് കലക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബ് ഗാനമേളയോടും കൂടിയാണ് ഏഴു ദിവസം നീണ്ടുനിന്ന പ്രദര്‍ശനമേള സമാപിച്ചത്. കുടുംബശ്രീയുടെ 29 സ്റ്റാളുകളടക്കം 95 സ്റ്റാളുകളാണ് സേവനങ്ങള്‍ നല്‍കാനായി വിവിധ വകുപ്പുകള്‍ ഒരുക്കിയത്. ജില്ലാ പോലിസിന്റെയും എക്‌സൈസ് വകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ മേളയിലൂടെ കഴിഞ്ഞു.
ഉണരുന്ന പൊതുവിദ്യാഭ്യാസം- പ്രതീക്ഷകളും വെല്ലുവിളികളും, വയനാടും ഗോത്രജനതയും, ഹരിതവയനാടിന്റെ ഗ്രാമവഴികള്‍, വേ ഫോര്‍വേഡ് ഫോര്‍ വണ്ടര്‍ഫുള്‍ വയനാട്, ലൈഫ് മിഷന്‍ പ്രവര്‍ത്തന ഘടനയും രീതികളും, ആരോഗ്യം-അതിജീവനം-പ്രതിരോധം, ഉണരുന്ന സ്ത്രീശക്തി ഉയരുന്ന വയനാട് എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.
വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും പൊലിക-2018ന് പൊലിമയേകി. മാതാ പേരാമ്പ്രയുടെ കാവ്യസംഗീത ഫ്യൂഷന്‍ ഷോ, തുടിത്താളം വയനാടിന്റെ ഗോത്ര സംഗീതനിശ, നേര് നാടകവേദിയുടെ നാട്ടുപാട്ട്, ഉണര്‍വ് നാടന്‍കലാ പഠനകേന്ദ്രത്തിന്റെ പരുന്ത് കളി, കണ്ണൂര്‍ ഫോക്‌ലോര്‍ അക്കാദമിയുടെ മുടിയേറ്റ്, ആശ കോഴിക്കോടിന്റെ ബാബുരാജ് നൈറ്റ്, കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ ഇശല്‍ ഇമ്പം പരിപാടി, കുടുംബശ്രീ റോസി തിയേറ്ററിന്റെ എഴുപതോളം കലാകാരന്മാര്‍ അണിനിരന്ന ഫ്യൂഷന്‍ ഷോ എന്നിവയാണ് അരങ്ങേറിയത്.
Next Story

RELATED STORIES

Share it