wayanad local

പൊലിക 2018 പ്രദര്‍ശനമേള ഇന്നു സമാപിക്കും

കല്‍പ്പറ്റ: സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന പൊലിക 2018 പ്രദര്‍ശനമേള ഇന്നു സമാപിക്കും. രാവിലെ 10ന് 'വയനാട് വികസന വഴികള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
കില ഫാക്കല്‍റ്റികളായ എം നാരായണന്‍, ഇ ജെ ജോസഫ് എന്നിവര്‍ വിഷയം അവതരിപ്പിക്കും. വൈകീട്ട് 6.30ന് കലക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ഗാനസന്ധ്യ അരങ്ങേറും. ഈ മാസം ഏഴിന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് പ്രദര്‍ശനമേള ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീയുടെ 29 അടക്കം നൂറോളം സ്റ്റാളുകള്‍ വിവിധ സേവനങ്ങള്‍ നല്‍കിവരുന്നു. ജില്ലാ പോലിസിന്റെയും എക്‌സൈസ് വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് അടുത്തറിയാന്‍ കഴിഞ്ഞു. ഐടി വകുപ്പിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി റീ വാല്യുവേഷന്‍ അപേക്ഷ നല്‍കല്‍, ആധാര്‍കാര്‍ഡ് ആധാര്‍കാര്‍ഡ് എടുക്കാനുള്ള അവസരം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ സ്വീകരിക്കല്‍ എന്നിവ നടത്തിവരുന്നു.
തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷുറന്‍സ്, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് വിതരണം എന്നീ സേവനങ്ങള്‍ ഇന്നുകൂടി ലഭ്യമാവും. നിലവിലെ കാര്‍ഡ് പുതുക്കാനുള്ള സൗകര്യവുമുണ്ട്. പ്രദര്‍ശനമേളയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കുടുംബശ്രീയുമായി സഹകരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാട്ടുവണ്ടി പര്യടനം നടത്തി. സര്‍ക്കാരിന്റെ വിവിധ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ പാട്ട് രൂപത്തിലാക്കി കുടുംബശ്രീ റോസി തിയേറ്ററിന്റെ ഗായകസംഘം മൂന്നു ദിവസമാണ് പര്യടനം നടത്തിയത്. മെയ് ഏഴുമുതല്‍ പ്രദര്‍ശനമേളയിലൊരുക്കിയ വേദിയില്‍ ഉണരുന്ന പൊതുവിദ്യാഭ്യാസം- പ്രതീക്ഷകളും വെല്ലുവിളികളും, വയനാടും ഗോത്രജനതയും, ഹരിതവയനാടിന്റെ ഗ്രാമവഴികള്‍, വേ ഫോര്‍വേഡ് ഫോര്‍ വണ്ടര്‍ഫുള്‍ വയനാട്, ലൈഫ് മിഷന്‍ പ്രവര്‍ത്തന ഘടനയും രീതികളും, ആരോഗ്യം-അതിജീവനം-പ്രതിരോധം, ഉണരുന്ന സ്ത്രീശക്തി ഉയരുന്ന വയനാട് എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.
വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും പൊലിക 2018ന് പൊലിമയേകി. മാതാ പേരാമ്പ്രയുടെ കാവ്യസംഗീത ഫ്യൂഷന്‍ ഷോ, തുടിത്താളം വയനാടിന്റെ ഗോത്ര സംഗീതനിശ, നേര് നാടകവേദിയുടെ നാട്ടുപാട്ട്, ഉണര്‍വ് നാടന്‍കലാ പഠനകേന്ദ്രത്തിന്റെ പരുന്ത് കളി, കണ്ണൂര്‍ ഫോക്‌ലോര്‍ അക്കാദമിയുടെ മുടിയേറ്റ്, ആശ കോഴിക്കോടിന്റെ ബാബുരാജ് നൈറ്റ്, കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ ഇശല്‍ ഇമ്പം പരിപാടി, കുടുംബശ്രീ റോസി തിയേറ്ററിന്റെ എഴുപതോളം കലാകാരന്മാര്‍ അണിനിരന്ന ഫ്യൂഷന്‍ ഷോ എന്നിവയാണ് അരങ്ങേറിയത്.
Next Story

RELATED STORIES

Share it