thrissur local

പൊരുന്നച്ചിറയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിച്ചു

ചാലക്കുടി: പൊരുന്നച്ചിറയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികളാണ് ഇപ്പോള്‍ നടത്തുന്നത്. ഫില്‍റ്റര്‍ബെഡ് നിര്‍മിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ നിര്‍മാണ പ്രവൃത്തികള്‍ ശാസ്ത്രീയമല്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ചിറയുടെ പ്രവൃത്തികള്‍ക്കായി വകയിരുത്തിയിട്ടുള്ള ഫണ്ട് ലാപ്‌സാകാതിരിക്കാനായാണ് അശാസ്ത്രീയമായ ഈ നിര്‍മാണ പ്രവൃത്തികള്‍ക്ക് മൗനാനുമതി നല്‍കിയിരിക്കുന്നതെന്നും പ്രാദേശിക നേതാക്കള്‍ പറയുന്നു. നിലവിലുള്ള ഫില്‍റ്ററിന് പുറമെ ഫില്‍റ്റര്‍ ബെഡ് കെട്ടി മൂന്ന് ചെയ്മ്പര്‍ പഴി വെള്ളം കടത്തിവിട്ടാലെ ശുദ്ധജലം ലഭിക്കുകയുള്ളു എന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.
ആളൂര്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡില്‍ രണ്ടേക്കറോളം സ്ഥാലത്താണ് പദ്ധതി. 1983ല്‍ വടക്കേകുന്നില്‍ കുഴല്‍ കിണര്‍ നിര്‍മിച്ച് കുടിവെള്ളം എത്തിക്കുന്ന തരത്തിലാണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നാല് കുഴല്‍കിണറുകള്‍ നിര്‍മിച്ചെങ്കിലും ശുദ്ധജലവിതരണം നടന്നില്ല. തുടര്‍ന്ന് 2011ഓടെ പൊരുന്നചിറയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് സമീപത്തെ ടാങ്കില്‍ ശേഖരിച്ച് വിതരണം നടത്തുന്ന തരത്തിലേക്ക് മാറ്റി. എന്നാല്‍ വേനല്‍കാലമാകുമ്പോള്‍ ചിറ വറ്റുന്നതിനാല്‍ പദ്ധതി വീണ്ടും അവതാളത്തിലായി. തുടര്‍ന്ന് വെള്ളാഞ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ നിന്നും വെള്ളം ചിറയിലേക്ക് തുറന്നുവിട്ട് പദ്ധതി നടപ്പിലാക്കി.
ചാലക്കുടി മാര്‍ക്കറ്റിലെ അവശിഷ്ടങ്ങളടക്കം എത്തിചേരുന്ന പറയന്‍തോടിലെ വെള്ളമാണ് ശുദ്ധജല വിതരണ ചിറയിലേക്ക് വിടുന്നതെന്നും ആക്ഷേപമുണ്ട്. അതുകൊണ്ടുതന്നെ ഇവിടത്തെ ചിറയിലെ ഫില്‍റ്റര്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം നടപ്പിലാക്കണമെങ്കില്‍ മൂന്ന് ഫില്‍റ്റര്‍ ചേമ്പറുകള്‍ ഇവിടെ നിര്‍മിക്കണം. നിലവിലുള്ള ഫില്‍റ്ററില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് കരിങ്കല്ല് വിരിക്കുകയോ കോണ്‍ക്രീറ്റ് ചെയ്യുകയോ വേണം. ഇതിനുപുറമെ സംരക്ഷണ ഭിത്തികളും ചുറ്റുമതിലും കെട്ടി സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രവൃത്തികളൊന്നും ചെയ്യാതെ ഫില്‍റ്റര്‍ബെഡ് നിര്‍മിക്കുകയാണിവിടെ.
രണ്ട് വാര്‍ഡുകളിലായി ആയിരത്തില്‍പരം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ പദ്ധതിയെയാണ്. വെള്ളം ശേഖരിക്കുന്ന ടാങ്കും ശോച്യാവസ്ഥയിലാണ്. കാലപഴക്കത്തെ തുടര്‍ന്ന് ജീര്‍ണ്ണാവസ്ഥയിലായ ടാങ്ക് പ്രദേശവാസികളുടെ ജീവനും ഭീഷണിയാകുന്നുണ്ട്. ശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it