Idukki local

പൊമ്പിളൈ ഒരുമ സ്ഥാനാര്‍ഥിയും മല്‍സരത്തിന്

തൊടുപുഴ: ദേവികുളം മണ്ഡലത്തില്‍ പൊമ്പിളൈ ഒരുമ സ്ഥാനാര്‍ഥി മല്‍സര രംഗത്തെത്തുന്നത് ഇരുമുന്നണികളേയും വെട്ടിലാക്കും.എ.ഐ.എ.ഡി.എം.കെയും ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു.പൊമ്പിളൈ ഒരുമൈയൂം എഐഎഡിഎംകെയും പിടിക്കുന്ന മൂന്നാറിലെ തോട്ടം മേഖലയിലെ വോട്ടുകള്‍ ദേവികുളത്തെ തിരഞ്ഞെടുപ്പു വിജയത്തെ സ്വാധീനിക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പൊമ്പിളൈ ഒരുമൈ തോട്ടം തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി ജെ രാജേശ്വരിയാണ് ഇവിടെ മല്‍സരിക്കുന്നത്.പത്ത് വര്‍ഷം സി.ഐ.ടി.യുവില്‍ പ്രവര്‍ത്തിച്ച ശേഷമാണ് രാജേശ്വരി പൊമ്പിളൈ ഒരുമൈ രൂപീകരണത്തിലെ മുന്‍നിരക്കാരിയായത്. മൂന്നാര്‍ ലക്ഷ്മി എസ്‌റ്റേറ്റ് ഒറ്റപ്പാറ ഡിവിഷനില്‍ 25 വര്‍ഷമായി തേയില തോട്ടം തൊഴിലാളിയാണ് ഈ 45കാരി.
ആറു മാസം മുമ്പ് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഞെട്ടിച്ച് മൂന്നാറില്‍ രൂപംകൊണ്ട പൊമ്പിളൈ ഒരുമൈക്ക് ഇപ്പോള്‍ പഴയ ശക്തിയില്ലെങ്കിലും നേരിയ ഭൂരിപക്ഷത്തിന് മുന്നണി സ്ഥാനാര്‍ഥികള്‍ ജയിക്കുന്ന ദേവികുളത്തെ ജനവിധി നിയന്ത്രിക്കാന്‍ ഇവര്‍ക്കാകും.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും രണ്ടു ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളും പൊമ്പിളൈ ഒരുമൈ നേടിയിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഗോമതി പിന്നീട് സി.പി.എമ്മില്‍ ചേര്‍ന്നു.
മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് ഭരണം നേടിയതും പൊമ്പിളൈ ഒരുമൈയുടെ പിന്തുണയോടെയാണ്.ഫെബ്രുവരിയിലാണ് പൊമ്പിളൈ ഒരുമൈ തോട്ടം തൊഴിലാളി യൂനിയന്‍ രജിസ്റ്റര്‍ ചെയ്തത്. 3400 അംഗങ്ങള്‍ യൂനിയനില്‍ ഉണ്ടെന്നു നേതാക്കള്‍ അവകാശപ്പെടുന്നു. ട്രേഡ് യൂനിയന്‍ നേതാക്കളുടെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച് മുന്നാറിലെ തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി 69 രൂപയായി ഉയര്‍ത്താന്‍ കഴിഞ്ഞത് പൊമ്പിളൈ ഒരുമൈയുടെ പോരാട്ടത്തിന്റെ ഫലമായാണെന്ന് പ്രസിഡന്റ് ലിസി സണ്ണിയും സ്ഥാനാര്‍ഥി ജെ രാജേശ്വരിയും പറഞ്ഞു.മര്‍ദ്ദനത്തെയും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭീഷണിയും അതീജീവിച്ചാണ് സംഘടന വളര്‍ന്നത്. വനിതാ മുന്നേറ്റത്തെ പ്രബല രാഷ്ട്രീയ കക്ഷികള്‍ ശത്രുത മറന്ന് നേരിട്ടിട്ടും പൊമ്പിളൈ ഒരുമൈ തളര്‍ന്നില്ല. ദിവസക്കൂലി 500 രൂപയാക്കുക, തൊഴിലാളികള്‍ക്ക് അഞ്ചു സെന്റ് പട്ടയഭൂമിയും വീടും നല്‍കുക, മൂന്നാറിനെ ടൂറിസം സോണാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് മല്‍സരരംഗത്തിറങ്ങുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it