പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചു

തൊടുപുഴ: പൊമ്പിളൈ ഒരുമൈ നേതാവും ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗവുമായ ഗോമതി അഗസ്റ്റിനെ അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍
ടാറ്റാ ആശുപത്രിയില്‍ കഴിയുന്ന ഗോമതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപവാദ പ്രചാരണത്തില്‍ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ഗോമതി പറഞ്ഞതായി ഭര്‍ത്താവ് അഗസ്റ്റിന്‍ വെളിപ്പെടുത്തി. എന്നാല്‍ സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടില്ല.
ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് നടുവേദനയ്ക്ക് ഭര്‍ത്താവിന് ലഭിച്ച ആറു അലുമിനിയം ഹൈഡ്രോക്ലോറേഡ് ഗുളികകള്‍ ഗോമതി കഴിച്ചത്. ദേവികുളം ലോക് ഹാര്‍ട്ടിലെ വീട്ടിലായിരുന്നു സംഭവം. ഛര്‍ദ്ദിയും ബോധക്ഷയവും അനുഭവപ്പെട്ട ഗോമതിയെ ഭര്‍ത്താവും അയല്‍ക്കാരും ചേര്‍ന്ന് ദേവികുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ടാറ്റാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഗോമതി ഉച്ചയോടെ അപകട നില തരണം ചെയ്തു.
കുറച്ചു ദിവസങ്ങളായി പ്രസിഡന്റ് ലിസി സണ്ണിയുമായി ഗോമതി കടുത്ത ഭിന്നതയിലായിരുന്നു. ഒരാഴ്ചയോളം ഗോമതിയും പൊമ്പിളൈ ഒരുമൈ നേതാവ് മനോജും തമിഴ്‌നാട്ടിലായിരുന്നു. അണ്ണാ ഡിഎംകെയുമായി കൂട്ടുകെട്ടുണ്ടാക്കാനാണ് ഗോമതി തമിഴ്‌നാട്ടിലേക്ക് പോയതെന്നും അവിടെ നിന്നും പണം വാങ്ങിയെന്നും ലിസി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ഗോമതി ഇത് നിഷേധിക്കുകയും ലിസിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ ഒളിവില്‍ കഴിയുകയായിരുന്നെന്നാണ് ഗോമതി വിശദീകരിച്ചത്.
ഇതേ തുടര്‍ന്ന് 40ഓളം പേര്‍ ലിസിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഗോമതിയെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ആലോചിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഒരു ചാനല്‍ ചര്‍ച്ചയില്‍ ലിസിയും ഗോമതിയും നേരിട്ട് ഏറ്റുമുട്ടിയിരുന്നു.
Next Story

RELATED STORIES

Share it