Kottayam Local

പൊന്‍കുന്നത്ത് സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

പൊന്‍കുന്നം: ഓട്ടോറിക്ഷകള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ കലാശിച്ചു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ ചിറക്കടവിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ പ്രവീണ്‍, എസ്എഫ്‌ഐ വാഴൂര്‍ ഏരിയാ പ്രസിഡന്റ് ശ്രീജിത്ത് ശ്രീനിവാസന്‍ എന്നിവരെ പാമ്പാടി താലൂക്കാശുപത്രിയിലും ബിജെപി മണ്ഡലം സെക്രട്ടറി പൊന്‍കുന്നം ഇലഞ്ഞിക്കാവില്‍ പി ആര്‍ രാജേഷിനെ (ഗോപന്‍-35) കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ പൊന്‍കുന്നം ടൗണിലായിരുന്നു സംഭവം. പോലിസ് പറയുന്നത് ഇങ്ങനെ. പുതിയകാവ് ക്ഷേത്രത്തിലെ ഉല്‍സവവുമായി ബന്ധപ്പെട്ട് അലങ്കാര ക്രമീകരണങ്ങള്‍ നടത്തുകയായിരുന്നു രാജേഷും മഞ്ഞപ്പള്ളിക്കുന്ന് പുതിയ വീട്ടില്‍ ഗോപുകൃഷ്ണനും.
ജോലിക്കിടെ റോഡിലേക്ക് ഇറങ്ങുന്നതിനിടെ രാജേഷിന്റെ ഓട്ടോയും ചെറുവള്ളി സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോയും തമ്മില്‍ ഉരസിയത് വാക്കേറ്റത്തിലും ഉന്തിലും തള്ളിലും കലാശിച്ചിരുന്നു.
സംഭവത്തില്‍ ചെറുവള്ളി സ്വദേശികള്‍ പോലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരെയും പൊന്‍കുന്നം പോലിസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജേഷും ഗോപുകൃഷ്ണനും അഞ്ചോടെ സ്റ്റേഷനിലെത്തിയെങ്കിലും എതിര്‍കക്ഷികളെത്തിയിരുന്നില്ല.
ഏറെ സമയം കാത്തിരുന്നിട്ടും പരാതിക്കാര്‍ വരാതിരുന്നതോടെ കേസ് ഉല്‍സവം കഴിഞ്ഞ ശേഷം പരിഗണിക്കാമെന്ന് പറഞ്ഞ് പോലിസ് ഇരുവരെയും പറഞ്ഞയച്ചു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊന്‍കുന്നം പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി ആര്‍ പ്രമോദ് പറഞ്ഞു.
എന്നാല്‍, ആര്‍എസ്എസ് പ്രവര്‍ത്തകരായ ഗോപന്‍, ഗോപു എന്നിവര്‍ ചേര്‍ന്ന് പ്രവീണിനെയും ശ്രീജിത്തിനെയും ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം ചെറുവള്ളി ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. അതേസമയം, കാഞ്ഞിരപ്പള്ളിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലുണ്ടാക്കിയ ഒത്തുതീര്‍പ്പു കരാര്‍ സിപിഎം ലംഘിച്ചെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് വി എന്‍ മനോജും പറഞ്ഞു.
Next Story

RELATED STORIES

Share it