Kottayam Local

പൊന്‍കുന്നം- പുനലൂര്‍ റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ ഉടന്‍

പൊന്‍കുന്നം:പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊന്‍കുന്നം പുനലൂര്‍ റോഡ് നിര്‍മാണത്തിന് അടുത്തമാസം കരാര്‍ വിളിക്കാന്‍ കെഎസ്ടിപി ധാരണയായി. 610 കോടി രൂപ ചെലവു കണക്കാക്കിയാണ് സര്‍വേ നടപടികള്‍ കഴിഞ്ഞ മാസം പൂര്‍ത്തീകരിച്ചത്.
2019 മാര്‍ച്ച് 31നാണ് നിലവില്‍ ലോകബാങ്ക് അനുവദിച്ച വായ്പാ കാലാവധി അവസാനിക്കുന്നത്. 14 മാസം കൂടി കാലാവധി നീട്ടി നല്‍കണമെന്ന് കെഎസ്ടിപിയും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ മുഖേന ലോകബാങ്ക് അധികൃതര്‍ക്ക് കത്ത് അയച്ചു. ഇത് ലോകബാങ്ക് അംഗീകരിച്ചു. ഇതോടെ പദ്ധതിക്ക് അടുത്ത മാസം ടെന്‍ഡര്‍ വിളിക്കാനാണ് സര്‍ക്കാരിന്റെയും കെഎസ്ടിപിയുടെയും ധാരണ. 83 കിലോമീറ്റര്‍ റോഡാണ് പദ്ധതി പ്രകാരം നിര്‍മിക്കുക. പണികള്‍ ആരംഭിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ രാജ്യാന്തര നിലവാരത്തിലുള്ള റോഡ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുത്താതെ നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ ശ്രദ്ധിക്കും. റോഡിനായി ആകെ ഏറ്റെടുക്കേണ്ടിയിരുന്ന 26.65ഹെക്ടര്‍ ഭൂമിയില്‍ 99 ശതമാനം സ്ഥലവും ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ആഗസ്റ്റില്‍ നിര്‍മാണം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇപിസി മാതൃകയിലാവും നിര്‍മാണം. മുമ്പ് പിപിപി രീതിയായിരുന്നു. പബ്ലിക് െ്രെപവറ്റ് പാര്‍ട്ണര്‍ഷിപ്പ് നിര്‍മാണത്തില്‍ പല റോഡുകളും ഉദേശിച്ച നിലവാരത്തില്‍ നിര്‍മിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നു.ഈ രീതിയില്‍ നിന്ന് മാറി ഇപിസി (എന്‍ജിനീയറിങ് പ്രൊക്യൂര്‍മെന്റ് കണ്‍സ്ട്രക്ഷന്‍) എന്നതിലേക്ക് മാറും. കരാറുകാരന്‍ തന്നെ സ്വന്തം ചെലവില്‍ എന്‍ജിനീയറിങ് ഡിസൈനിങ് നടത്തണം. ദര്‍ഘാസ് അംഗീകരിച്ച തുകയില്‍ നിന്ന് പിന്നീട് ഒരു കാരണവശാലും അധികതുക അനുവദിക്കില്ല.ഇപിസിയില്‍ ലോകബാങ്ക് വിഹിതം 56 ശതമാനമാണ്. സംരംഭകന്റെ വിഹിതം 44 ശതമാനവും. റോഡിന്റെ തുടര്‍ പരിപാലനത്തിനായി പ്രത്യേക കരാറുണ്ടാവും.
Next Story

RELATED STORIES

Share it