malappuram local

'പൊന്നാര്യന്‍ കൊയ്യും പൊന്നാനി': നിലമൊരുക്കല്‍ തുടങ്ങി

പൊന്നാനി: പൊന്നാനി നഗരസഭയുടെ നാട്ടു നെല്‍വിത്തു സംരക്ഷണ പദ്ധതിയായ പൊന്നാര്യന്‍ കൊയ്യുന്ന പൊന്നാനിയുടെ ഭാഗമായി നിലമൊരുക്കല്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടതിന് ശേഷമാണ് കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞത്.
ജൈവകൃഷിയില്‍ പുത്തന്‍ മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് പൊന്നാനി നഗരസഭ. പൊന്നാര്യന്‍ കൊയ്യുന്ന പൊന്നാനി എന്ന പദ്ധതി നടപ്പാക്കിയാണ് പൊന്നാനി നഗരസഭ ഈ നേട്ടത്തിലേക്ക് നടന്നടുക്കുന്നത്. പൊന്നാനി നഗരസഭയും താലൂക്ക് നല്ല ഭക്ഷണ പ്രസ്ഥാനവും ചേര്‍ന്ന് നടപ്പാക്കുന്ന നാട്ടു നെല്‍വിത്ത് സംരക്ഷണ പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. അഞ്ച് വര്‍ഷം കൊണ്ട് തരിശ് വയലില്ലാത്ത പൊന്നാനി എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ കാര്‍ഷിക വിപ്ലവത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു. കൃഷിയിടങ്ങള്‍ കണ്ടെത്തി കൃഷിയിറക്കാനുള്ള സൗകര്യങ്ങള്‍ നഗരസഭ നല്‍കിയിട്ടുണ്ട്.
ഭൂവുടമകള്‍ക്ക് നേരിട്ടോ ഗ്രൂപ്പുകള്‍ മുഖേനയോ കൃഷിയിറക്കാം. ഉടമകള്‍ക്ക് താല്‍പ്പര്യമോ സൗകര്യമൊ ഇല്ലെങ്കില്‍ കൃഷിയിടം ഗ്രൂപ്പുകള്‍ക്ക് കൈമാറുന്നതിന് നഗരസഭ മധ്യസ്ഥം നില്‍ക്കും. പൂര്‍ണമായും ജൈവ രീതിയിലാണ് കൃഷി. ആദ്യഘട്ടത്തില്‍ വിരിപ്പൂ കൃഷിയും തുടര്‍ന്ന് പുഞ്ചകൃഷിയുമാണ് ഒരുക്കുക. വിളവെടുപ്പിന് ശേഷം അരി, അവില്‍ മറ്റു മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിതരണത്തിനും വില്‍പ്പനയ്ക്കും നഗരസഭ സൗകര്യമൊരുക്കും.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളെ തൊഴിലാളികളെ കൃഷിക്കായി ഉപയോഗിക്കും. ജൈവ കൃഷിയിലും വിപണനത്തിലും വിജയം കൈവരിച്ച പൊന്നാനി താലൂക്ക് നല്ല ഭക്ഷണ പ്രസ്ഥാനത്തിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല നഗരസഭ നല്‍കിയിരിക്കുന്നത്. നല്ല ഭക്ഷണ പ്രസ്ഥാനത്തിന്റെ ഇടപെടലാണ് ഇങ്ങനെയൊരു പദ്ധതിയുമായി ഇറങ്ങാന്‍ നഗരസഭയെ പ്രേരിപ്പിച്ചത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ കൃഷിയിടങ്ങളുടെ കണക്കുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള ഉടമകളുടെ വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞു.
ഓരോ പ്രദേശത്തും ഹരിതസേനയെ രൂപീകരിച്ചാണ് കൃഷി ഗ്രൂപ്പുകളെ നയിക്കുക. ഇതിനായി നല്ല ഭക്ഷണ പ്രസ്ഥാനം കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയിരുന്നു. വേനല്‍ കാലങ്ങളില്‍ പച്ചക്കറി കൃഷിയും ഇറക്കും. ജനകീയാസൂത്രണ പദ്ധതി പ്രകാരം വിത്ത് സംരക്ഷണം, ജൈവ ജീവിത പ്രചാരണം എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
Next Story

RELATED STORIES

Share it