malappuram local

പൊന്നാനി സിവില്‍ സര്‍വീസ് അക്കാദമി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടന്‍



പൊന്നാനി: പൊന്നാനി സിവില്‍ സര്‍വീസ് അക്കാദമിയുടെ സമഗ്രവികസനത്തിനായി തിരുവനന്തപുരത്ത് സ്പീക്കറുടെ ചേംബറില്‍  ഉന്നതതലയോഗം ചേര്‍ന്നു. പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്ത ദിവസങ്ങളില്‍ നടത്തും. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതോടെ ഉദ്ഘാടനം നടത്താനാണു തീരുമാനം. പുതിയ കെട്ടിടത്തിന് മുകളില്‍ ഒരു നിലകൂടി പണിയുന്നതിന് 2.5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.അതുപയോഗിച്ച് കേരള വാസ്തുശില്‍പ മാതൃകയില്‍ ഒരു നിലകൂടി പണിയാന്‍ യോഗത്തില്‍ തീരുമാനമായി. പുതിയ കെട്ടിടം തുറക്കുന്നതോടെ കൂടുതല്‍ തൊഴിലധിഷ്ടിത കോഴ്‌സുകള്‍ തുടങ്ങും.ഇതിനാവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി. ഹയര്‍സെക്കന്‍ഡറി കഴിഞ്ഞവര്‍ക്കായി സെന്‍ട്രല്‍ സര്‍വ്വകലാശാലകള്‍, ഐഐടികള്‍, നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള പരിശീലനവും അക്കാദമിയില്‍ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. അക്കാദമിയുടെ പുതിയ കോ ഓഡിനേറ്ററായ പ്രഫ. ടി വൈ അരവിന്ദാക്ഷന്‍ ചുമതല ഏറ്റെടുത്തോടെയാണ് സമൂലമായ മാറ്റങ്ങള്‍ ഉണ്ടായതെന്നും യോഗം വിലയിരുത്തി.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റലുകള്‍,പുതിയ ലൈബ്രറി,ഹോസ്റ്റലിലേക്ക് ആവശ്യമായ പച്ചക്കറിയുടെ ഉല്‍പാദനം എന്നീ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി. യോഗത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍,സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടര്‍, പൊതു വിദ്യാഭാസ ഉന്നത ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍,എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it