പൊന്നാനി വാണിജ്യ തുറമുഖ നിര്‍മാണത്തില്‍ ആശയക്കുഴപ്പം

പൊന്നാനി: 200 കോടി ചെലവില്‍ പൊന്നാനിയില്‍ നിര്‍മിക്കുന്ന വാണിജ്യ തുറമുഖ നിര്‍മാണത്തില്‍ അവ്യക്തതയും ആശയക്കുഴപ്പവും. നാലു മാസം മുമ്പ് മുഖ്യമന്ത്രിയാണ് തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണ പ്രവൃത്തികള്‍ നടത്താനായില്ല, തുടങ്ങിയപ്പോഴാവട്ടെ ഒച്ചിഴയുന്ന വേഗവും.
ഏഴു മാസം കൊണ്ട് 1500 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് ബണ്ട് നിര്‍മിക്കുമെന്നായിരുന്നു കരാര്‍. ഇപ്പോള്‍ നാലു മാസം കൊണ്ട് പൂര്‍ത്തിയായത് 100 മീറ്റര്‍ മാത്രമാണ്. നിര്‍മാണം നടത്തേണ്ട പ്രദേശം തുറമുഖ വകുപ്പ് തങ്ങള്‍ക്ക് വിട്ടു നല്‍കിയില്ലെന്നാണ് നിര്‍മാണമേറ്റെടുത്ത മലബാര്‍ പോര്‍ട്‌സ് അധികൃതര്‍ പറയുന്നത്. എന്നാല്‍, പാട്ടക്കരാറില്‍ മാസങ്ങള്‍ക്കു മുമ്പു തന്നെ ഒപ്പിട്ടു നല്‍കിയതാണെന്നും അതോടെ നിയമപ്രകാരം ഭൂമി വിട്ടുനല്‍കലായി മാറിയെന്നും തുറമുഖ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. നിര്‍മാണത്തെക്കുറിച്ചോ അതിന്റെ പുരോഗതിയെക്കുറിച്ചോ തങ്ങള്‍ക്ക് യാതൊന്നുമറിയില്ലെന്നാണ് തുറമുഖ വകുപ്പു പറയുന്നത്. നിര്‍മാണമേറ്റെടുത്ത സ്വകാര്യ കമ്പനിയും തുറമുഖ വകുപ്പും പരസ്പരം പഴിചാരി മാറിനില്‍ക്കുന്നതോടെ തുറമുഖ നിര്‍മാണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തീരത്തെ കാറ്റാടിമരങ്ങള്‍ മുറിക്കാനുള്ള അനുമതിയും നിര്‍മാണമേറ്റെടുത്ത കമ്പനിക്കു ലഭിച്ചിട്ടില്ല.
ഇതു നല്‍കേണ്ടത് വനംവകുപ്പാണെന്ന് തുറമുഖ വകുപ്പു പറയുന്നു. മുവായിരത്തിലധികം കാറ്റാടിമരങ്ങളാണ് തുറമുഖം നിര്‍മിക്കാനുദ്ദേശിക്കുന്ന തിരത്തുള്ളത്. എന്നാല്‍, നിലവിലെ അപ്രോച്ച് ബണ്ട് നിര്‍മാണത്തിന് കാറ്റാടി മരങ്ങള്‍ മുറിക്കുന്നതു വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് തുറമുഖ വകുപ്പിന്റെ നിലപാട്. ഇതിനു പുറമെ ഹാര്‍ബറിലെ മീന്‍ ചാപ്പകള്‍ പൊളിക്കാന്‍ അനുമതി നല്‍കിയില്ലെന്നും മലബാര്‍ പോര്‍ട്‌സ് അധികൃതര്‍ പറയുന്നു. നിര്‍മാണം പുരോഗമിക്കുന്ന മുറയ്ക്ക് ഇതിന്റെ അനുമതി നല്‍കുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ മറുപടി. പഴയ മീന്‍ ചാപ്പകള്‍ക്കു പകരമായി പുതിയ 70 ചാപ്പകളുടെ നിര്‍മാണം പുരോഗമിക്കുന്നു.
നിര്‍മാണമേറ്റെടുത്ത മലബാര്‍ പോര്‍ട്‌സ് കമ്പനിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് തുറമുഖത്തിന്റെ നിര്‍മാണം ആശയക്കുഴപ്പത്തിലായത്. പുലിമുട്ടു നിര്‍മിക്കുന്നതോടെ കടലില്‍ രൂപപ്പെട്ട മണല്‍തിട്ടയെക്കുറിച്ച് പഠിച്ചു വരുകയാണെന്നും ബാക്കി നിര്‍മാണങ്ങള്‍ വൈകാതെ ആരംഭിക്കുമെന്നാണ് നിര്‍മാണമേറ്റെടുത്ത കമ്പനിയുടെ വിശദീകരണം. ഇതിനു മുമ്പ് ഒരിക്കല്‍ പോലും വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലാത്ത ഈ കമ്പനിയെ ഇതുപോലുള്ള വലിയ നിര്‍മാണ പ്രവര്‍ത്തനം ഏല്‍പ്പിച്ചത് മണ്ടത്തരമായെന്നാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്. തുറമുഖത്തെക്കുറിച്ച് പഠനം നടത്തി എന്നതുകൊണ്ടു മാത്രമാണ് പൊന്നാനി തുറമുഖം സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിക്കാന്‍ ഇവര്‍ക്ക് കരാര്‍ നല്‍കിയത്. പൊന്നാനിയില്‍ ഇങ്ങനെയൊരു തുറമുഖം വരുന്നത് വലിയ നഷ്ടമാണെന്നും ശരിയായ പഠനം ഇനിയും നടത്തണമെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍ അടക്കമുള്ളവര്‍ തുടക്കം മുതല്‍ ആരോപിച്ചിരുന്നു. പൂര്‍ണമായും സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന പദ്ധതിയായതിനാല്‍ തങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിര്‍മാണത്തിന്റെ പുരോഗതിയെക്കുറിച്ചറിയാന്‍ സര്‍ക്കാരിന് സംവിധാനങ്ങളിലാത്തത് പദ്ധതിയെക്കുറിച്ച് കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
തുറമുഖ നിര്‍മാണത്തിനായി യന്ത്രസാമഗ്രികള്‍ പോലും നിര്‍മാണക്കമ്പനി ഇനിയും പൊന്നാനിയില്‍ എത്തിച്ചിട്ടില്ല. കടലിന്റെ ആഴം കൂട്ടാന്‍ ഡ്രഡ്ജിങ്ങും തുടങ്ങിയിട്ടില്ല. ഇക്കാര്യത്തെപ്പറ്റി അന്വേഷിച്ചാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കോ ജനപ്രതിനിധികള്‍ക്കോ യാതൊന്നുമറിയില്ലെന്നാണ് ഉത്തരം.
Next Story

RELATED STORIES

Share it