malappuram local

പൊന്നാനി മോഡല്‍ കടല്‍മണല്‍ ശുദ്ധീകരണത്തിനു സ്റ്റേ



പൊന്നാനി: പൊന്നാനി മോഡല്‍ കടല്‍മണല്‍ ശുദ്ധീകരണത്തിന് താല്‍ക്കാലിക സ്റ്റേ. തുറമുഖ മണലെടുപ്പ് അടുത്ത ദിവസം മുതല്‍ നിലയ്ക്കാന്‍ സാധ്യത. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്നാണ് ആരോപണം. സംസ്ഥാനത്തിനുതന്നെ മാതൃകയായി പൊന്നാനിയില്‍ ആരംഭിച്ച തുറമുഖ മണലെടുപ്പിനാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഡ്രഡ്ജിങിന്റെ പേരില്‍ പുഴയില്‍ നിന്നു അമിതമായ മണലെടുപ്പ് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഹൈക്കോടതി താല്‍കാലിക സ്റ്റേ ഉത്തരവിറക്കിയത്. എന്നാല്‍, ഡ്രഡ്ജിങ് തുടരുമെന്നും വില്‍പനാധികാരത്തിന് മാത്രമാണ് ഉത്തരവ് ബാധകമാവുകയെന്ന് പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. വില്‍പനാധികാരം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരുന്ന മാതൃക പദ്ധതിക്കാണ് ആഴ്ചകള്‍ക്ക് മുമ്പ് പൊന്നാനിയില്‍ തുടക്കം കുറിച്ചത്. കപ്പല്‍ ചാലിന്റെ വീതിയും, ആഴവും വര്‍ധിപ്പിക്കാനാണ് പൊന്നാനി അഴിമുഖത്ത് നിന്നു മണലെടുക്കുന്നത്. പൂര്‍ണമായും പോര്‍ട്ടിന്റെ നിയന്ത്രണത്തിലാണ് മണലെടുപ്പ് പ്രവൃത്തികള്‍ നടക്കുന്നത്. പുഴയില്‍ നിന്നു സംഭരിക്കുന്ന മണല്‍ കുറ്റിപ്പുറത്തെ മണല്‍ ശുദ്ധീകരണ പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് സര്‍ക്കാര്‍ നേരിട്ട് വില്‍പന നടത്തുന്നതാണ് പദ്ധതി. എന്നാല്‍, പദ്ധതിക്കെതിരേ തുടക്കം മുതല്‍ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. മണല്‍ വിപണനം നേരിട്ട് സര്‍ക്കാര്‍ നടത്തുമ്പോള്‍ നേരത്തെ കൊള്ളലാഭം കൊയ്തിരുന്നവര്‍ മാസങ്ങള്‍ക്ക് മുമ്പും താല്‍കാലിക സ്റ്റേ വാങ്ങിയിരുന്നു. പുതിയ സ്‌റ്റേ മറികടക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പദ്ധതിക്കെതിരേഒരു വിഭാഗം കോടതിയെ സമീപിച്ചത് രാഷ്ട്രീയ പകപോക്കലെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഇതിന് മുമ്പ് ഈ പദ്ധതി തുടങ്ങിയപ്പോഴും സിപിഐയുടെ സമ്മര്‍ദ്ധ ഫലമായി പദ്ധതിക്കെതിരേ ഹൈക്കോടതിയില്‍ പോയിരുന്നു. അന്നും മണല്‍ഖനനം കോടതി തടഞ്ഞിരുന്നു. പൊന്നാനിയില്‍ നിലനില്‍ക്കുന്ന സിപിഐ-സിപിഎം പോരാണ് ഏറെ പ്രതീക്ഷയുണര്‍ത്തിയിരുന്ന ഈ പദ്ധതിയെ നിയമക്കുരുക്കില്‍പ്പെടുത്തി തകര്‍ക്കുന്നത്.
Next Story

RELATED STORIES

Share it