malappuram local

പൊന്നാനി മറൈന്‍ മ്യൂസിയംആദ്യഘട്ടം സപ്തംബര്‍ 20നകം പൂര്‍ത്തിയാക്കും

പൊന്നാനി:  മറൈന്‍ മ്യൂസിയത്തിന്റെ  ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ സപ്തംബര്‍ 20 നകം പൂര്‍ത്തീകരിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഒമ്പത് കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കും രൂപമായി.  മറൈന്‍ മ്യൂസിയം നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കടലിനടിയിലെ അത്ഭുത ദൃശ്യങ്ങളെ അതേ രീതിയില്‍ മ്യൂസിയത്തില്‍ അവതരിപ്പിക്കുന്ന 16 ഡി ദൃശ്യചാരുതയോടെയുള്ള അക്വാറിയമാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ടണല്‍ വാക്കിനുള്ള സൗകര്യവും കടല്‍ ഗതാഗതവും ചരിത്രവുമായി ബന്ധപ്പെട്ട പുരാതന രേഖകള്‍ സൂക്ഷിക്കുന്ന മ്യൂസിയവും രണ്ടാം ഘട്ടത്തിലുണ്ട്. ഒമ്പത് കോടി രൂപ ചെലവു വരുന്ന രണ്ടാം ഘട്ടത്തില്‍ ആദ്യ പടിയായി 4.9 കോടി രൂപയുടെ പ്രവൃത്തികളാണ് നടത്തുക. സിങ്കപ്പൂരിലെ യൂനിവേഴ്—സല്‍ സ്റ്റുഡിയോയുടെ മാതൃകയില്‍ ടൂറിസം വകുപ്പാണ് മറൈന്‍ മ്യൂസിയം നിര്‍മിക്കുന്നത്.
ചമ്രവട്ടം പ്രോജക്ട് ഓഫിസിനോട് ചേര്‍ന്ന ഭാരതപ്പുഴയോരത്ത് നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 5.30 കോടി രൂപയാണ് ചെലവ്. 4.30 കോടി രൂപ ടൂറിസം വകുപ്പും ഒരു കോടി രൂപ എംപി ഫണ്ടില്‍ നിന്നുമാണ് അനുവദിച്ചിട്ടുള്ളത്. മ്യൂസിയം കെട്ടിടം, ഷാര്‍ക്ക് പൂള്‍ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കുന്നത്.
സംസ്ഥാന നിര്‍മിതികേന്ദ്രക്കാണ് നിര്‍മാണ ചുമതല. രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ സംരംഭമെന്ന നിലയിലാണ് പൊന്നാനിയില്‍ മറൈന്‍ മ്യൂസിയം വിഭാവനം ചെയ്തിട്ടുള്ളത്. കായല്‍, പുഴ, കടല്‍ എന്നിവിടങ്ങളിലെ വൈവിധ്യങ്ങളും ജീവജാലങ്ങളും ഒരു മേല്‍ക്കൂരക്ക് കീഴില്‍ ക്രമീകരിക്കപ്പെടുന്ന പദ്ധതിയാണിത്.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ഡിടിപിസി സെക്രട്ടറി ബിനീഷ് കുഞ്ഞപ്പന്‍, പൊന്നാനി എംപിയുടെ പ്രതിനിധി, മറ്റ് വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it