malappuram local

പൊന്നാനി ബീച്ച് ടൂറിസത്തിന് സാധ്യത വര്‍ധിക്കുന്നതായി പഠനം

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ജില്ലയിലെ ഏക തുറമുഖ പട്ടണമായ പൊന്നാനിയുടെ ടൂറിസം സാധ്യതകള്‍ക്ക് കരുത്ത് വര്‍ധിക്കുന്നതായി പഠനം. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിന്റെ ചുമതലയുള്ള ലക്ചറര്‍ കെ ഐ അബിന്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന മനോഹരമായ പ്രകൃതി കാഴ്ചകളും ബോട്ട് സവാരിയും ലൈറ്റ് ഹൗസും ഇവിടെയുണ്ട്. ഇതിന് പുറമെ ദേശാടനക്കിളികളുടെ താവളം കൂടിയാണ് പൊന്നാനി ബീച്ച്. പുതുതായി തുടങ്ങുന്ന നിള കലാ ഗ്രാമം ഹെറിറ്റേജ് മ്യൂസിയവും രാജ്യത്തെ തന്നെ ആദ്യത്തെ മറൈന്‍ മ്യൂസിയത്തിന്റെ നിര്‍മാണങ്ങള്‍ തുടങ്ങിയതും ബിയ്യം കായലിനോട് ചേര്‍ന്ന് കുട്ടികള്‍ക്കുള്ള പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയായതും സ്‌നേഹതീരം പുഴയോരം പാര്‍ക്ക് യാഥാര്‍ഥ്യമായതുമാണ് പൊന്നാനിയുടെ ബിച്ച് ടൂറിസം സാധ്യതകള്‍ക്ക് കരുത്ത് പകര്‍ന്നതെന്ന് പഠനം പറയുന്നു. വന്‍ സാധ്യതകളുള്ള പൊന്നാനി ബീച്ചിനെ സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിപ്പിച്ച് വരുമാനമാര്‍ഗമാക്കി മാറ്റാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. ഇതിനായി കോടികളുടെ വികസന പദ്ധതികള്‍ക്കാണ് പൊന്നാനിയില്‍ തുടക്കമിടുന്നത്. 4.3 കോടി രൂപ ചെലവില്‍ രാജ്യത്തെ ആദ്യ മറൈന്‍ മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ടൂറിസം രംഗത്തുള്ള പൊന്നാനിയുടെ സാധ്യത കണക്കിലെടുത്താണ് കായല്‍, പുഴ, കടല്‍ എന്നിവിടങ്ങളിലെ വൈവിധ്യങ്ങളും ജീവജാലങ്ങളും ഒരേ മേല്‍ക്കൂരയ്ക്ക് കിഴില്‍ ക്രമീകരിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ മറൈന്‍ മ്യൂസിയം ഒരുങ്ങുന്നത്. ഇതിന് പുറമെയാണ് ബിയ്യം കായലിനോട് ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച റഗുലേറ്റര്‍ കം ബ്രിഡ്ജ് സംരക്ഷിച്ച് പുതിയ പാര്‍ക്ക് ടൂറിസം വകുപ്പ് ഒരുക്കിയത്. ഇതിന്റെ ഉദ്ഘാടനം ഈ മാസം 16ന് ടൂറിസം മന്ത്രി നിര്‍വഹിക്കും.
പൊന്നാനിയില്‍ പടിഞ്ഞാറേക്കരയിലേക്ക് ബോട്ട് സര്‍വീസ് നടത്തിയും സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന പദ്ധതിയും ടൂറിസം വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഭാരതപ്പുഴയും തിരൂര്‍ പുഴയും ഒന്നിച്ച് അറബിക്കടലില്‍ സംഗമിക്കുന്ന പൊന്നാനി ബീച്ചില്‍ ആയിരക്കണക്കിന് ദേശാടനക്കിളികളാണ് വിരുന്നെത്തുന്നത്. ഇതിനു പുറമെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലൈറ്റ് ഹൗസ് വൈകുന്നേരങ്ങളില്‍ സന്ദര്‍ശകരായി തുറന്ന് കൊടുത്തിട്ടുമുണ്ട്. പൊന്നാനിയുടെ കലാഗ്രാമത്തിന്റെ ഓര്‍മക്കായി നിള ഹെറിറ്റേജ് മ്യൂസിയവും നിര്‍മിക്കുന്നുണ്ട്. ചമ്രവട്ടം ജലസംഭരണിയോട് ചേര്‍ന്ന് പുതിയ സ്‌നേഹതീരം പാര്‍ക്കിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ജലസംഭരണിയില്‍ ഉല്ലാസ ബോട്ട് സര്‍വീസും ഇതിനോടൊപ്പം ഒരുക്കും. സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ കാഴ്ചകള്‍ ഏറെയുണ്ടെങ്കിലും പൊന്നാനി ബീച്ചിന്റെ ടൂറിസം സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ ഏറ്റവും വലിയ തൂക്കുപാലം ബിയ്യം കായലിലാണ്.
തുരുമ്പെടുത്ത് നശിക്കുന്ന ഈ പാലം അറ്റകുറ്റപണി നടത്തുന്നതില്‍ നഗരസഭയും ജില്ലാ ടൂറിസം വകുപ്പും പരസ്പരം പഴിചാരി മാറി നില്‍ക്കുകയാണ്. രണ്ടായിരം കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വാണിജ്യ തുറമുഖവും മറൈന്‍ മ്യൂസിയവും നിള ഹെറിറ്റേജ് മ്യൂസിയവും പൂര്‍ത്തിയാവുന്നതോടെ സംസ്ഥാന ടൂറിസം ഭൂപടത്തില്‍ പൊന്നാനിക്ക് പ്രധാന സ്ഥാനം കൈവരുമെന്ന് പഠനം പറയുന്നു.
Next Story

RELATED STORIES

Share it