malappuram local

പൊന്നാനി നഗരസഭ : ഭരണ -പ്രതിപക്ഷ പോരിന് അറുതിയാവുന്നു



പൊന്നാനി: നഗരസഭയിലെ ഭരണപക്ഷപ്രതിപക്ഷ പോരിന് അറുതിയാവുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത തെളിയുന്നു.ഒന്നരമാസം മുമ്പ് നഗരസഭാ കൗണ്‍സിലില്‍ ഉണ്ടായ കയ്യാങ്കളിയെത്തുടര്‍ന്ന് വഷളായ പ്രതിപക്ഷഭരണ പക്ഷ പോര് അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. യുഡിഎഫ് കൗണ്‍സിലര്‍മാരെ ഭരണ പക്ഷാംഗങ്ങള്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് യുഡിഎഫ് നിരവധി കൗണ്‍സിലുകളില്‍ നിസ്സഹകരണവുമായി മുന്നോട്ടു പോകുന്നത്. കൗണ്‍സിലില്‍ തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം അംഗീകരിക്കാന്‍ ഇരുപക്ഷവും നേരത്തെ തയ്യാറായിരുന്നില്ല.എന്നാല്‍ വിഷയം നീട്ടികൊണ്ടുപോയി സങ്കീര്‍ണ്ണമാക്കുന്നതിനു പകരം രമ്യമായി പരിഹരിക്കണമെന്നും ചില കോണുകളില്‍ നിന്നും നിരന്തര ആവശ്യം ഉയര്‍ന്നു വന്നിരുന്നിരുന്നു. പ്രശ്‌ന പരിഹാരത്തിന് നഗരസഭാ ചെയര്‍മാനും, പ്രതിപക്ഷനേതാവും മുന്‍കൈ എടുക്കുകയും ചെയ്തിരുന്നു.ഇതേത്തുടര്‍ന്ന് നിരവധി തവണ ചര്‍ച്ചകള്‍ നടന്നു. കൗണ്‍സിലിലെ പാര്‍ട്ടി നേതാക്കളുമായും പ്രതിപക്ഷ പാര്‍ട്ടിയിലെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുമായും ചെയര്‍മാന്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താനായില്ല. തുടര്‍ന്ന് മുന്‍ ഹജ്ജ് കമ്മറ്റിയംഗം കെ എം മുഹമ്മദ് ഖാസിം കോയയുടെ താല്പര്യപ്രകാരം ഭരണപക്ഷപ്രതിപക്ഷ നേതാക്കളെ വിളിച്ച് ചേര്‍ത്ത് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിക്കാന്‍ ഇരു വിഭാഗവും സന്നദ്ധത പ്രകടിപ്പിച്ചത്.ഇതിനിടെ സംഭവത്തിലുള്‍പ്പെട്ട ഒരു കൗണ്‍സിലര്‍ ഖേദം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. എന്നാല്‍ നേരത്തെ ഇടഞ്ഞു നിന്നിരുന്ന ഒരു രാഷ്ട്രീയ കക്ഷിയും ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയതായാണ് അറിയുന്നത്. ശനിയാഴ്ച വീണ്ടും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.ഇതിന് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കും. അടുത്ത കൗണ്‍സിലില്‍ പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യം ഉണ്ടാവുമെന്നാണ് സൂചനകള്‍. ഒന്നര മാസമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് ഇതോടെ പരിഹാരമാവുക.
Next Story

RELATED STORIES

Share it