malappuram local

പൊന്നാനി നഗരത്തിലെ ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിക്കുന്നത് നിലച്ചു



പൊന്നാനി:അങ്ങാടിയിലെ ജീര്‍ണിച്ച കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റുമെന്ന നഗരസഭയുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി. പൊളിച്ചുമാറ്റുന്ന പ്രവൃത്തികള്‍ ഇഴഞ്ഞു പോലും നീങ്ങുന്നില്ല. തഹസില്‍ദാര്‍ നല്‍കിയ സമയവും അവസാനിച്ചിട്ടും കെട്ടിടങ്ങള്‍ പൊളിക്കുന്ന  നടപടികള്‍ നിശ്ചലമാണ്. പൊന്നാനി കോടതിപ്പടി മുതല്‍ ചാണ റോഡ് വരെയുള്ള ഭാഗങ്ങളിലെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ രണ്ടാഴ്ച മുമ്പ് കെട്ടിട ഉടമകള്‍ക്ക് താലൂക്ക് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലുള്ള പതിമൂന്ന് കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള യാതൊരു നടപടിയും ഉടമകള്‍ കൈക്കൊണ്ടില്ല . തഹസില്‍ദാറുടെ നോട്ടീസ് കൈപ്പറ്റിയവര്‍ തങ്ങളുടെ കെട്ടിടങ്ങള്‍ ഫിറ്റാണെന്നാണ് തഹസില്‍ദാറെ അറിയിച്ചത് .  പൊതുമരാമത്ത് കെട്ടിടവിഭാഗം എന്‍ജിനീയറുടെ അണ്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ കെട്ടിടം പൊളിക്കില്ലെന്ന നിലപാടാണ് ഉടമകള്‍ സ്വീകരിക്കുന്നത്. പാലത്തിന് കിഴക്ക് ഭാഗത്തെ ചാണ, വണ്ടിപ്പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ 36 കെട്ടിടങ്ങളാണ് തകര്‍ച്ചയുടെ വക്കിലുള്ളത്. ഇതില്‍ പല കെട്ടിടങ്ങളും ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്.പല കെട്ടിടങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്.  ഇക്കാര്യത്തില്‍ നഗരസഭ ആദ്യം ഇടപെടുകയും കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നു.എന്നാല്‍ പിന്നീട് നഗരസഭയും ഇതില്‍ നിന്ന് പിന്നോട്ട് പോയി. തുടര്‍ന്നാണ് തഹസില്‍ദാര്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ റോഡ് വീതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തകര്‍ച്ചയിലായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടത്.പല കെട്ടിട ഉടമകളും ഇതിന് തയ്യാറായെങ്കിലും കട ഉടമകളുടെ നിസ്സഹകരണമാണ് ടൗണ്‍ നവീകരണം അനന്തമായി നീളാനിടയാക്കിയത്. ചേംമ്പറിന്റെ കെട്ടിടത്തിന്റെ മുന്‍വശത്തെ മൂന്ന് മീറ്റര്‍ പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. മഴക്കാലത്തിന് മുമ്പ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തമായിരിക്കും. മനുഷ്യജീവന് ഭീഷണിയായി നിലകൊള്ളുന്ന കെട്ടിടം തകര്‍ന്ന് വീണാല്‍ താലൂക്ക് അധികൃതര്‍ മറുപടി പറയേണ്ടി വരുമെന്നതിനാലാണ് തഹസില്‍ദാര്‍ ഇടപെട്ടത്. തകര്‍ച്ചയിലായ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it