malappuram local

പൊന്നാനി തുറമുഖ നിര്‍മാണം അനിശ്ചിതത്വത്തിലേക്ക്; ഭൂമി വിട്ടുനല്‍കിയില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് നിര്‍മാണക്കമ്പനി

പൊന്നാനി: ആയിരം കോടി രൂപ ചെലവില്‍ പൊന്നാനിയില്‍ നിര്‍മിക്കുന്ന വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനിശ്ചിതത്വത്തിലായി. തുറമുഖം നിര്‍മിക്കേണ്ട ഭൂമി ഇനിയും നിര്‍മാണമേറ്റെടുത്ത കമ്പനിക്ക് പാട്ടത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
എത്രയും പെട്ടെന്ന് പാട്ട ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ നിര്‍മാണക്കരാറില്‍ നിന്ന് പിന്മാറുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യോഗത്തില്‍ കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിരവധി തടസ്സങ്ങളാണ് നിര്‍മാണമേറ്റെടുത്ത കമ്പനിക്ക് സര്‍ക്കാറില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുമുണ്ടാവുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും അതിവേഗം ഒരുക്കുമെന്ന് ഉദ്ഘാടന നാളില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ആറു മാസമായി അതുണ്ടായിട്ടില്ല.
പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ പാട്ടത്തിന് തല്‍കിയ 29.5 ഏക്കര്‍ ഭൂമി ഇനിയും നിര്‍മാണക്കമ്പനിയായ മലബാര്‍ പോര്‍ട്ടിന് നല്‍കിയിട്ടില്ല. കഴിഞ്ഞ ആഗസ്തിലാണ് തുറമുഖത്തിന്റെ തറക്കല്ലിടല്‍ നടത്തിയത്. റവന്യൂ വിഭാഗത്തിന്റെ കൈവശമുള്ള ഭൂമി ഇതുവരെ തരംതിരിച്ചിട്ടുമില്ല. പാട്ടത്തിന് നല്‍കാന്‍ അനുവദിക്കുന്നതായി ഒന്നര വര്‍ഷം മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. പക്ഷേ, അത് രേഖാമൂലം നല്‍കുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ഇതാണ് നിര്‍മാണകരാര്‍ ഏറ്റെടുത്ത കമ്പനിയെ പ്രകോപിപ്പിച്ചത്. ഇതിനു പുറമെ നിര്‍മാണം നടത്തേണ്ട സ്ഥലത്തുള്ള അയ്യായിരത്തോളം വരുന്ന കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കാതെ നീട്ടിക്കൊണ്ടുപോയ വനം വകുപ്പ് തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ അനിശ്ചിതത്വത്തിലാക്കുകയായിരുന്നു.
രണ്ടു മാസം മുന്‍പ് കാറ്റാടി മരങ്ങള്‍ മുറിക്കാന്‍ ജില്ലാ പഞ്ചായത്ത് അനുമതി നല്‍കിയെങ്കിലും അന്തിമ ഉത്തരവ് നല്‍കേണ്ടത് വനം വകുപ്പാണ്. അതിതുവരെ ഉണ്ടായിട്ടില്ല. വനം വകുപ്പ് പരിശോധിച്ച് വില നിശ്ചയിച്ച് മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ദര്‍ഘാസ് നല്‍കേണ്ടതുണ്ട്. ഇതിനായി കാത്തിരിക്കുകയാണ് നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ചെന്നൈ മലബാര്‍ പോര്‍ട്‌സ്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന മീന്‍ ചാപ്പകള്‍ പൊളിച്ച് മാറ്റാനോ പുതിയത് നിര്‍മിക്കാനോ ഫിഷറീസ് വകുപ്പും തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ മല്‍സ്യ ത്തൊഴിലാളികളുമായി ഇനിയും സമവായത്തിലെത്തിയിട്ടില്ല. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണു കരാറില്‍ പറത്തിരുന്നത്. തറക്കല്ലിടല്‍ കഴിഞ്ഞ് ഇതിനകം ഏഴാം മാസമായി. ഇതുവരെ ആകെ ചെയ്തു കഴിഞ്ഞത് കരിങ്കല്ലുകള്‍ കൊണ്ട് ബണ്ട് കെട്ടുക മാത്രമാണ്. നിലവിലെ തടസ്സങ്ങള്‍ ഉടന്‍ നീക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ അലംഭാവവും അവഗണനയുമാണ് തുറമുഖ നിര്‍മാണത്തിന് തടസ്സമാവുന്നതെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. യോഗത്തില്‍ മലബാര്‍ പോര്‍ട്‌സ് സിഇഒ രംഗരാജന്‍, നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് കുഞ്ഞി, ആര്‍ഡിഒ അരുണ്‍, തഹസില്‍ദാര്‍ ജോണ്‍, തുറമുഖ ഓഫിസര്‍ അശ്വനി പ്രതാപ്, പോര്‍ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, പോലിസ്, ഫിഷറീസ് വകുപ്പ് അധികൃതര്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it