kozhikode local

പൊന്നാനി താലൂക്കാശുപത്രിയില്‍ നിര്‍ബന്ധിത സിസേറിയന്‍ നടത്തുന്നു

പൊന്നാനി: പ്രസവത്തിനെത്തുന്നവരെ നിര്‍ബന്ധിത സിസേറിയനു വിധേയമാക്കി പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാര്‍. സിസേറിയന് അഡ്മിറ്റ് ചെയ്തവരെ ഓപറേഷന്‍ മുറിയിലിട്ടു ഡോക്ടര്‍മാര്‍ മുങ്ങി. പ്രതിഷേധവുമായി നാട്ടുകാര്‍ പൊന്നാനി താലൂക്കില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന  താലൂക്ക് ആശുപത്രിയാലാണു ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചു ഗര്‍ഭിണികളെ സിസേറിയനു വിധേയരാക്കുന്നതായി പരാതിയുള്ളത്.
ആശുപത്രിയില്‍ ഓരോ മാസവും പ്രസവിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനിടയിലാണു ഗൈനക്കോളജി ഡോക്ടര്‍മാര്‍ ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ് ലംഘിച്ചു ഗര്‍ഭിണികളെ സിസേറിയനു വിധേയരാക്കുന്നത്. മാര്‍ച്ച് മാസത്തില്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന 289 പ്രസവങ്ങളില്‍ 116ഉം സിസേറിയനായിരുന്നു.സിസേറിയനെത്തുടര്‍ന്ന് 3 നവജാത ശിശുക്കള്‍ മരണമടയുകയും ചെയ്തിരുന്നു. പൊന്നാനി സ്വദേശികളായ എണ്ണാഴിയില്‍ സുനില്‍കുമാറിന്റെയും, ഭാര്യ ചിത്രയുടെയും കുട്ടിയും, പാലക്കല്‍ മുഷീറയുടെ കുഞ്ഞും  ഓപറേഷനെത്തുടര്‍ന്നാണ് മരണപ്പെട്ടത്.
ആഴ്ചയില്‍ 2 ദിവസങ്ങളില്‍ നടക്കുന്ന സിസേറിയനില്‍ കൂടുതല്‍ പേരെ വിധേയമാക്കുന്നുണ്ടെന്നാണു പരാതി ഉയര്‍ന്നിട്ടുള്ളത്. ആശുപത്രിയിലെ പ്രസവ വാര്‍ഡിലെ ബെഡുകളുടെ ലഭ്യതയും,ഓപ്പറേഷന് ആവശ്യമായ സ്‌റ്റെറിലൈസേഷന്‍ ബിന്നിന്റെ ലഭ്യതയും, നഴ്‌സിങ് ജീവനക്കാരുടെ എണ്ണവും പരിഗണിച്ച് ഒരു ദിവസം 9 സിസേറിയന്‍ മാത്രമേ പാടുള്ളൂവെന്ന ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍മാര്‍ക്കു നല്‍കിയ നിര്‍ദേശം ചെവിക്കൊള്ളാതെയാണു ബുധനാഴ്ച 15 ഓപറേഷന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തുനിഞ്ഞത്. ഇതിനായി ചൊവ്വാഴ്ച മുതല്‍ പ്രസവത്തിനു തയ്യാറെടുത്തവര്‍ ഭക്ഷണം പോലും കഴിക്കാതെയിരിക്കുന്നതിനിടയിലാണു പകുതി പേരുടെ സിസേറിയന്‍ കഴിഞ്ഞതിനു ശേഷം ഡോക്ടര്‍മാര്‍ മുങ്ങിയത്.
ഉപയോഗിച്ച സ്‌റ്റെറിലൈസ്ഡ് ബിന്‍ വീണ്ടും  ഉപയോഗിക്കുന്നത് പ്രശ്‌നമാവുമെന്നു കണ്ടതിനെത്തുടര്‍ന്നു നഴ്‌സുമാര്‍ ഡോക്ടര്‍മാരെ വിവരമറിയിച്ചപ്പോഴാണു സിസേറിയനു തയ്യാറെടുത്ത ഗര്‍ഭിണികളെ പ്രസവമുറിയിലുപേക്ഷിച്ചു ഡോക്ടര്‍മാര്‍ മുങ്ങിയത. ഇതോടെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. തുടര്‍ന്നു പോലിസ് സ്ഥലത്തെത്തി. ബാക്കിയുള്ളവരുടെ ഓപറേഷന്‍ അടുത്ത ദിവസം നടത്തുമെന്ന ഉറപ്പും നല്‍കിയതോടെയാണു നാട്ടുകാര്‍ ശാന്തരായത്.
Next Story

RELATED STORIES

Share it