malappuram local

പൊന്നാനി എംഇഎസ് കോളജ് സമരം: വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല



പൊന്നാനി: പൊന്നാനി എംഇഎസ് കോളജില്‍നടന്ന അക്രമണസംഭവവുമായി ബന്ധപ്പെട്ട് പുറത്താക്കിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടര മാസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കടുംപിടിത്തമാണ് ചര്‍ച്ചവഴിമുട്ടിയത്. അക്രമണത്തില്‍ പതിനൊന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോളജില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതില്‍ രണ്ടുപേര്‍ക്കെതിരേ മാത്രം നടപടിയെടുത്ത് ബാക്കിയുള്ളവരെ തിരിച്ചെടുക്കണമെന്ന ആവശ്യമാണ് എസ്എഫ്‌ഐ മുന്നോട്ടുവച്ചത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത എംഇഎസ് സംസ്ഥാന പ്രസിഡന്റ ഡോ: ഫസല്‍ ഗഫൂര്‍ വിദ്യാഭ്യാസമന്ത്രിയെ അറിയിച്ചു. അതേസമയം, സസ്‌പെന്‍ഷന്‍ നേരിട്ട 13 വിദ്യാര്‍ഥികളെയും തിരിച്ചെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇവര്‍ക്ക് പതിനായിരം രൂപയാണ് പിഴയിട്ടിരുന്നത്. ഇത് പകുതിയായി കുറച്ച് കുട്ടികള്‍ക്ക് കോളജില്‍ പ്രവേശനം നല്‍കാനാണ് തീരുമാനം. ഇവരുടെ പിഴ പാര്‍ട്ടി അടയ്ക്കാനും യോഗത്തില്‍ തീരുമാനമായി. പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ നിരാഹാരസമരത്തിനെതിരേ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചതോടെ, കോടതി വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരെയും കുടില്‍കെട്ടിയുള്ള സമരത്തിനെതിരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതോടെ പൊന്നാനിയില്‍ മാത്രം ഒതുങ്ങിയ സമരം സംസ്ഥാനത്ത് ആകമാനം വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തു. കോടതിവിധി എതിരായിട്ടും വിദ്യാര്‍ഥികള്‍ സമരവുമായി മുന്നോട്ടുപോയ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് ചേലക്കര ഗസ്റ്റ്ഹൗസില്‍ വിദ്യാഭ്യാസ മന്ത്രി എംഇഎസ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമാവാത്തതിനാല്‍ പൊന്നാനിയിലെ ജനപ്രതിനിധിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കോളജിലെ അധ്യാപകരുമായും ചര്‍ച്ച നടത്തി. ഇതിലും അനുകൂലമായ ഫലം ഉണ്ടായിട്ടില്ല. ചര്‍ച്ച ഇനിയും തുടരാനാണു തീരുമാനം.
Next Story

RELATED STORIES

Share it