പൊന്നാനി അഴീക്കല്‍വാസികള്‍ നാവികപ്പടയാളികളെന്നു കണ്ടെത്തല്‍

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: മഹത്തായ പാരമ്പര്യവും ചരിത്രവുമുള്ള പൊന്നാനിയിലെ അഴീക്കല്‍ കേന്ദ്രീകരിച്ച് അധിവസിച്ച ജനത നാവികപ്പടയാളികളായിരുന്നുവെന്ന കണ്ടെത്തലുമായി പ്രശസ്ത ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍. ഡോ. എംജിഎസിന്റെ നേതൃത്വത്തി ല്‍ തയ്യാറാക്കിയ പൊന്നാനി ഒരു ഇതിഹാസ പൈതൃകത്തിന്റെ സുവര്‍ണരേഖ എന്ന പുറത്തിറങ്ങാനിരിക്കുന്ന ചരിത്ര കൃതിയിലാണ് ഇതുസംബന്ധമായ കണ്ടെത്തല്‍. അഴീക്കല്‍ പ്രദേശവാസികളുടെ ശരീരഘടനയിലും സ്വഭാവത്തിലും മല്‍സ്യത്തൊഴിലാളികളുമായി വലിയതോതിലുള്ള വ്യത്യാസമുണ്ടെന്ന് എംജിഎസ് പറയുന്നു. അഴീക്കല്‍ പ്രദേശവാസികളുടെ ജനിതകഘടന വിലയിരുത്തുമ്പോള്‍ വന്യമായ ഏതോ ദേശങ്ങളില്‍നിന്നു വന്നവരോ സാമൂതിരി നാവികപ്പടയ്ക്കുവേണ്ടി കൊണ്ടുവന്നവരോ ആണെന്നാണു കണ്ടെത്തല്‍. കടല്‍ത്തീരങ്ങളില്‍ ഇങ്ങനെ രാജ്യഭരണത്തിനാവശ്യമായ വംശങ്ങളെ മറ്റിടങ്ങളില്‍നിന്നു കൊണ്ടുവന്ന് നാടുവാഴികള്‍ പാര്‍പ്പിക്കാറുണ്ട്.പൊന്നാനിയില്‍ പത്തേമാരിക്കാലം അവസാനിക്കും വരെയും അഴീക്കല്‍ വാസികള്‍ മല്‍സ്യത്തൊഴിലിലേക്കു തിരിഞ്ഞിരുന്നില്ല. സാമൂതിരിയുടെ കാലത്ത് നാവികപ്പടയാളികളായിരുന്ന ഈ ജനവിഭാഗം ബ്രിട്ടിഷുകാരുടെ കാലത്ത് പത്തേമാരിയിലെ കപ്പിത്താന്‍മാരായിരുന്നു. പൊന്നാനിയിലെ തുറമുഖം നശിക്കുകയും കച്ചവടങ്ങള്‍ ഇല്ലാതാവുകയും പത്തേമാരികള്‍ ഒഴിഞ്ഞുപോവുകയും ചെയ്തതോടെയാണ് ഈ ജനവിഭാഗം മല്‍സ്യത്തൊഴിലിലേക്കു തിരിഞ്ഞത്.നിലവിലെ പൊന്നാനി തുറമുഖത്തോടു ചേര്‍ന്നു വസിക്കുന്ന ജനവിഭാഗമാണ് അഴീക്കല്‍ പ്രദേശവാസികള്‍. കായികമായി മറ്റുള്ളവരേക്കാള്‍ ശക്തരായ ഈ വിഭാഗത്തെക്കുറിച്ച് ഇനിയും കൃത്യമായി പഠനങ്ങള്‍ നടന്നിട്ടില്ല. സാഹസികരായ ഈ ജനവിഭാഗത്തോട് പല കാര്യങ്ങളിലും പൊന്നാനിയിലെ മറ്റു ജനവിഭാഗങ്ങള്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. പൊന്നാനിയിലെ നഗരദേശവാസികളും കടല്‍ത്തീരവാസികളും തമ്മില്‍ കാലങ്ങളായി രൂപപ്പെട്ട വര്‍ണപരമായ അകല്‍ച്ചയ്ക്കു പുറമേ തീരപ്രദേശത്തെ മറ്റു ജനവിഭാഗങ്ങള്‍ അഴീക്കല്‍വാസികളോട് അകല്‍ച്ച സൂക്ഷിച്ചിരുന്നു. അക്കാലത്ത് മുക്കാടി, മരക്കടവ് പ്രദേശത്തുകാരാണു മല്‍സ്യത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നത്. പൊന്നാനിയുടെ വിപ്ലവകരമായ പല കാര്യങ്ങള്‍ക്കും ശക്തിപകര്‍ന്നത് അഴീക്കലിന്റെ മണ്ണായിരുന്നു.കുഞ്ഞാലിമരക്കാര്‍ നാലാമന്‍ പൊന്നാനിയില്‍ കോട്ട പണിതപ്പോള്‍ നാവികപ്പടയാളികളായി ഉണ്ടായിരുന്നത് അഴീക്കല്‍വാസികളാണ്. എന്നാ ല്‍, ഏതു നൂറ്റാണ്ടില്‍ എവിടെ നിന്നാണ് ഈ ജനവിഭാഗത്തെ പൊന്നാനിയിലേക്കു കൊണ്ടുവന്നതെന്നു കൃത്യമായി തെളിയിക്കാനായില്ലെന്നും ഇക്കാര്യത്തില്‍ വിശദമായ പഠനം ആവശ്യമാണെന്നും എംജിഎസ് പറയുന്നു. അഴീക്കല്‍ ജനവിഭാഗങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍ പൊന്നാനിയുടെ ചരിത്രത്തി ല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
Next Story

RELATED STORIES

Share it