malappuram local

പൊന്നാനിയില്‍ 15ഓളം വീടുകള്‍ കടലെടുത്തു

പൊന്നാനി: പൊന്നാനിയില്‍ കടലാക്രമണത്തിന് അറുതിയില്ല. പതിനഞ്ചോളം വീടുകള്‍ കടലെടുത്തു. നൂറിലേറെ തെങ്ങുകള്‍ കടപുഴകി. മൂന്നു ദിവസമായി തുടരുന്ന കടലാക്രമണം കനത്ത നാശനഷ്ടമാണ് തീരത്ത് വരുത്തുന്നത്. രാത്രികാലങ്ങളില്‍ വേലിയേറ്റ സമയത്താണ് തിരമാലകള്‍ കരയിലേക്ക് ആര്‍ത്തലച്ചു വരുന്നത്. ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത കടലാക്രമണത്തില്‍ പൊന്നാനി താലൂക്കിലെ വിവിധയിടങ്ങളില്‍ പതിനഞ്ചോളം വീടുകള്‍ തകര്‍ന്നു.
പൊന്നാനി അഴീക്കല്‍, എംഇഎസിന് പുറകു വശം, മുറിഞ്ഞഴി, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പാലപ്പെട്ടി കാപ്പിരിക്കാട് എന്നിവിടങ്ങളിലാണു കനത്ത നാശം വിതച്ചത്. പൊന്നാനി എംഇഎസിന് പിറകുവശത്തുള്ള കറുത്ത കുഞ്ഞാലിന്റെ ഫാത്തിമ, കുട്ട്യാമാക്കാനകത്ത് ഫാത്തിമ, പാലപ്പെട്ടിന്റെ ഖദീജ, സ്രാങ്കിനെറെ ആയിഷ, വൈശ്യക്കാരന്റെ ഹംസക്കോയ തുടങ്ങി പതിനഞ്ചോളം വീടുകളാണ് കടലാക്രമണത്തില്‍ തകര്‍ന്നത്. രാത്രിയിലുണ്ടായ കടല്‍ കലിയില്‍ തീരദേശ റോഡുള്‍പ്പെടെ വെള്ളത്തിനടിയിലായി. വീടുകളിലേക്ക് ചെളിയും മണലും കയറിയതിനാല്‍ വീടിനകത്ത് താമസിക്കാന്‍ കഴിയാത്ത സ്ഥിതിയിലുമാണ്. പലരുടെയും വീടിനകത്തുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും തിരമാലയില്‍ നഷ്ടമായി. പൊന്നാനിയിലെയും വെളിയങ്കോട്ടേയും ദുരിതാശ്വാസ ക്യാംപിലുമായി നൂറോളം പേരാണു കഴിയുന്നത്. മറ്റുള്ളവര്‍ ബന്ധു വീടുകളിലേക്കും മാറി താമസിക്കുകയാണ്. വീടുകള്‍ നഷ്ടമായവര്‍ എന്തു ചെയ്യണമെന്ന ആശങ്കയിലാണ്. കടലാക്രമണം രൂക്ഷമായതോടെ പൊന്നാനി ലൈറ്റ്ഹൗസും തകര്‍ച്ചാഭീഷണിയിലായി.
ശക്തമായുണ്ടായ കടലേറ്റത്തില്‍ സംരക്ഷണഭിത്തി തകര്‍ത്ത തിരമാലകള്‍ ലൈറ്റ്ഹൗസിന്റെ ചുറ്റുമതിലും തകര്‍ത്തു. ചുറ്റുമതിലും സംരക്ഷണഭിത്തിയും തകര്‍ന്നതോടെ കടല്‍വെള്ളം ലൈറ്റ്ഹൗസ് വളപ്പിലേക്ക് ഇരച്ചുകയറി. ചെളിനിറഞ്ഞ വെള്ളവും മണലും ലൈറ്റ്ഹൗസ് വളപ്പില്‍ കെട്ടിക്കിടക്കുകയാണ്.
ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്കുള്ളില്‍വരെ വെള്ളം കയറി. തിരമാലകളില്‍പെട്ട് ഒരു ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ തകര്‍ന്ന് ചളിവെള്ളവും മണലും അകത്ത് കയറി ദുരിതാവസ്ഥയിലായി. മൂന്നു വര്‍ഷമായി ലൈറ്റ്ഹൗസ് മുതല്‍ ജങ്കാര്‍ റോഡ് വരെ സംരക്ഷണഭിത്തിയില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലാണു ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കടല്‍ ഇരച്ചുകയറാന്‍ കാരണം. സംരക്ഷണഭിത്തി
അറ്റകുറ്റപ്പണിക്കായി ഇറിഗേഷന്‍ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി അയച്ചിരുന്നെങ്കിലും ഫണ്ടില്ലാത്തതിനാല്‍ പ്രവൃത്തി മുടങ്ങിക്കിടക്കുകാണ്.
Next Story

RELATED STORIES

Share it