malappuram local

പൊന്നാനിയില്‍ ലക്ഷങ്ങളുടെ ചെമ്മീന്‍ ചാകര



പൊന്നാനി: കടല്‍ പ്രക്ഷുബ്ദമായതിനെ തുടര്‍ന്നുള്ള വറുതിക്ക് ശേഷം പൊന്നാനിയില്‍ വീണ്ടും ലക്ഷങ്ങളുടെ ചെമ്മീന്‍ ചാകര. പൊന്നാനിയില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ക്കാണ് ചെമ്മിന്‍ ചാകര ലഭിച്ചത്. മൂന്നാഴ്ച മുന്‍പും പൊന്നാനിയില്‍ വന്‍ ചെമ്മീന്‍ ചാകരയുണ്ടായിരുന്നു. പാലപ്പെട്ടി, വെളിയംകോട്, പൊന്നാനി ഭാഗത്തെ കടലിലാണ് ചെമ്മീന്‍ ചാകരയുണ്ടായത്. വിവരമറിഞ്ഞതോടെ കൂടുതല്‍ ബോട്ടുകള്‍ ഈ പ്രദേശത്തേക്ക് മല്‍സ്യബന്ധനത്തിന് വരികയായിരുന്നു. ഇന്നലെ മാത്രം 40 ലക്ഷം രൂപയുടെ ചെമ്മീനാണ് വിവിധ ബോട്ടുകള്‍ക്ക് ലഭിച്ചത്. ചുവന്ന വലിയ ചെമ്മീനായതിനാല്‍ മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിച്ചു. വലിയ ചെമ്മീന്‍ കിലോയ്ക്ക് 450 രൂപയ്ക്കാണ് വിറ്റിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരം ചെമ്മീനുകള്‍ക്ക് 600 നടുത്തായിരുന്നു വില. ചെമ്മീന്‍ ചാകര ലഭിച്ചത് മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ ഏറെ സന്തോഷം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മല്‍സ്യക്ഷാമം മൂലം ബോട്ടുകാര്‍ക്ക് കാര്യമായ മീനുകള്‍ കിട്ടിയിരുന്നില്ല. പലര്‍ക്കും ഇന്ധനച്ചിലവ് പോലും തിരികെ കിട്ടാതെയായതോടെ പലരും ബോട്ടുകള്‍ കടലിലിറക്കാതെയായിരുന്നു. ഇതിനിടയിലാണ് ചെമ്മീന്‍ ചാകരയുണ്ടായത്. യന്ത്രവല്‍കൃത ചെറുവള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കുമാണ് കൈനിറയെ ചെമ്മീന്‍ ലഭിച്ചത്.
Next Story

RELATED STORIES

Share it