പൊന്നാനിയില്‍ പുതിയ ഇനം കടല്‍ക്കാക്കയെ കണ്ടെത്തി

പൊന്നാനി: പൊന്നാനിയില്‍ പുതിയൊരിനം കടല്‍ക്കാക്കയെ കണ്ടെത്തിയതായി പക്ഷിനിരീക്ഷകര്‍. മ്യൂഗള്‍ വിഭാഗത്തില്‍പ്പെട്ട ദേശാടനക്കാരനായ കടല്‍കാക്കയെയാണ് പക്ഷിനിരീക്ഷകനായ പൊന്നാനി സ്വദേശി അരുണ്‍ ഭാസ്‌കരന്‍ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ദേശാടനപ്പക്ഷിയിനത്തില്‍പ്പെട്ട ഈ കടല്‍കാക്കയെ പൊന്നാനിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഓരോ ജില്ലകളിലെയും പക്ഷിനിരീക്ഷകരുമായി വിശദമായ പഠനങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തിലൊരു പക്ഷി ഇതിനുമുമ്പ് കേരളത്തില്‍ വന്നതായി എവിടെയും റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. തുടര്‍ന്ന് പ്രശസ്ത പക്ഷിശാസ്ത്രജ്ഞനായ പോര്‍ച്ചുഗീസ് സ്വദേശി പെഡ്‌റോ ഫെര്‍ണാണ്ടസ് ഇത് സ്ഥിരീകരിച്ചതോടെയാണ് കണ്ടെത്തിയ പക്ഷി മ്യൂഗള്‍ ആണെന്ന് സ്ഥിരീകരിച്ചതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. മൊറോക്കോ, കരിങ്കടല്‍ പ്രദേശങ്ങള്‍, ആഫ്രിക്ക, തുര്‍ക്കി, വടക്കേ അമേരിക്ക, ഈജിപ്ത്, റൊമേനിയ, ബള്‍ഗേറിയ, സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നതാണ് കടല്‍കാക്ക വിഭാഗത്തില്‍പ്പെട്ട ഈ ദേശാടകനെന്ന് പക്ഷിശാസ്ത്രജ്ഞര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പല ഭാഗത്തുനിന്നായി ഈ ദേശാടകനെ ഏഴുതവണ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. കേരളത്തില്‍ ഇതാദ്യമായാണ് ഈ പക്ഷിയെ കാണുന്നതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. കാലാവസ്ഥവ്യതിയാനമാണോ ഈ അപൂര്‍വയിനം കടല്‍ പക്ഷി പുതിയ ദേശങ്ങള്‍ തേടിയെത്താന്‍ കാരണമെന്നത് കൂടുതല്‍ പഠനങ്ങള്‍ നടത്തിയാലെ സ്ഥിരീകരിക്കാനാവൂവെന്ന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ വന്യജീവി വിഭാഗം പ്രഫസറായ ഡോ. നമീര്‍ പറഞ്ഞു. സാധാരണ നൂറിലധികം കടല്‍കാക്കകള്‍ വിരുന്നെത്തുന്ന പ്രദേശമാണ് പൊന്നാനി കടല്‍ത്തീരം. കോമണ്‍ ഗള്‍ വിഭാഗത്തില്‍പ്പെട്ട ഈ ദേശാടകനെ മ്യൂ ഗള്‍ എന്നും പറയാറുണ്ട്. ലാറസ് ക്യാനസ് എന്നാണ് ശാസ്ത്രീയ നാമം. കേരളത്തില്‍ ഇവരുടെ വരവ് ഇതാദ്യമായതിനാല്‍ മലയാളത്തിലൊരു പേര് ഇനിയും നല്‍കിയിട്ടില്ല. ഉത്തരദ്രുവങ്ങളില്‍ മുട്ടയിടുന്ന ഈ പക്ഷികള്‍ തണുപ്പ് കാലങ്ങളില്‍ ദേശാടകരായി രാജ്യങ്ങള്‍ സന്ദര്‍ശിക്കും. മുട്ടയിടുന്ന സമയത്ത് തലയ്ക്കും കാലിനും കൂടുതല്‍ വെളുപ്പ് നിറം പ്രകടമാവുമെന്നതാണ് ഈ പക്ഷിയുടെ പ്രത്യേകത.
Next Story

RELATED STORIES

Share it