malappuram local

പൊന്നാനിയില്‍ പരീക്ഷണ മണലെടുപ്പ് വീണ്ടും തുടങ്ങാന്‍ നിര്‍ദേശം



പൊന്നാനി: പൊന്നാനി മോഡല്‍ പരീക്ഷണ മണലെടുപ്പ് 7ന് ആരംഭിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. വകുപ്പ് മന്ത്രിയുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞിയുള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും യോഗത്തില്‍ പങ്കെടുത്തു. 7ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വ്യവസായ മന്ത്രി, തുറമുഖ മന്ത്രി, സ്പീക്കര്‍ പങ്കെടുക്കും. പരീക്ഷണ മണലെടുപ്പ് എന്ന നിലയില്‍ നാളെ മുതല്‍ 2000 ടണ്‍ മണല്‍ എടുത്ത് ശുചീകരിച്ചു തുടങ്ങും. തര്‍ക്കങ്ങളും കേസും ഇല്ലാതായതോടെയാണ് പൊന്നാനിയിലെ മണല്‍ ശുദ്ധീകരണ പദ്ധതിക്ക് വീണ്ടും തുടക്കമായത്. തുറമുഖ വകുപ്പിന് കീഴില്‍ ആരംഭിക്കാനിരുന്ന കടല്‍മണല്‍ ശുദ്ധീകരണ വിതരണ പദ്ധതിക്കെതിരേ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിച്ചതോടെയാണ് പദ്ധതി മാസങ്ങള്‍ക്ക് മുമ്പ് അനിശ്ചിതത്വത്തിലായത്. പദ്ധതിക്കെതിരേ പൊന്നാനി നഗരസഭാ ഭരണകക്ഷിയിലെ ചേരിപ്പോരായിരുന്നു കാരണം. ഭരണകക്ഷിയില്‍പെട്ട ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് പദ്ധതി അട്ടിമറിക്കപ്പെട്ടത് മൂന്ന് മാസം മുന്‍പ് മണല്‍തൊഴിലാളികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ ഭരണകക്ഷിയില്‍പ്പെട്ടവര്‍ തമ്മില്‍ ഭിന്നതയും തര്‍ക്കവും രൂക്ഷമായിരുന്നു. നേരത്തേ അനധികൃത സൊസൈറ്റികള്‍ രൂപീകരിച്ച് മണലെടുത്ത് കൊള്ളലാഭം എടുത്തിരുന്ന ഒരു വിഭാഗം രാഷ്ട്രിയക്കാരാണ് പദ്ധതിക്കെതിരേ കോടതിയില്‍ പോയത്. ഇത്തരം സഹകരണസംഘങ്ങള്‍ക്ക് മണല്‍കടവുകള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് കടവുകള്‍ തുറമുഖവകുപ്പിന് കീഴില്‍ മാത്രമാവും. ഇത് തടയാനാണ് ഭരണകക്ഷിയിലെ പ്രബലമായ ഒരു വിഭാഗവും പ്രതിപക്ഷ കക്ഷികളിലെ ചില പ്രാദേശിക നേതാക്കളും ചേര്‍ന്ന് നഗരസഭയ്ക്ക് സ്ഥിരവരുമാനമാവുമായിരുന്ന ഈ പദ്ധതി അട്ടിമറിച്ചത്. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് സിപിഐ-സിപിഎം പോര് പരിഹരിക്കുകയും ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. ഇതാടെയാണ് നഗരസഭയ്ക്ക് മണല്‍ശുദ്ധീകരണ പദ്ധതി വീണ്ടും തുടങ്ങാനായത്. പൊന്നാനി നഗരസഭ, പുറത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന തുറമുഖ വകുപ്പിന്റെ കടവുകളില്‍ നിന്നാണ് മണലെടുപ്പ് പുനരാരംഭിക്കുക. വര്‍ഷങ്ങളായി ഇത് മുടങ്ങിക്കിടക്കുകയാണ്. മണലെടുക്കുന്നതിനുള്ള തൊഴിലാളിയുടെ കൂലിയും നഗരസഭയുടെ വിഹിതവും സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ശുദ്ധികരിച്ച ഒരു ടണ്‍ മണലിന് 19,000 രൂപയാണ് വില. ഇതു പ്രകാരം ഒരു ടണ്‍ മണലിന് പന്ത്രണ്ടായിരം രൂപയില്‍ താഴെയാണ് ഉപഭോക്താവിന് വില വരിക. നിലവില്‍ മുപ്പതിനായിരം രൂപ വിലയുണ്ടായിരുന്ന മണലാണ് കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്നത്. മണല്‍ മാഫിയകള്‍ക്ക് ഏറെ ഇരുട്ടടിയാണ് ഇതിലൂടെയുണ്ടാവുക. ഗുണഭോക്താക്കള്‍ക്ക് ഇ പെയ്‌മെന്റ് രൂപത്തില്‍ കുറഞ്ഞ തുകക്ക് മണല്‍ ഇനി ലഭ്യമാകും.ഒരു ടണ്‍ മണലിന്റെ 35 ശതമാനം തുറമുഖ വകുപ്പിന് ലഭിക്കും. ഇതില്‍ 15 ശതമാനം പൊന്നാനി നഗരസഭയ്ക്ക് ലഭിക്കും. നേരത്തേ നഗരസഭയുടെ കടവുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് 14 ശതമാനം വരുമാനമാണ് നഗരസഭക്ക് ലഭിച്ചിരുന്നത്. ഈ സ്ഥിര വരുമാനം വര്‍ഷങ്ങളായി നിലച്ചതിനാല്‍ നികുതി വരുമാനത്തില്‍ ഏറെ ദുരിതത്തിലായിരുന്നു പൊന്നാനി നഗരസഭ. പൊന്നാനി നഗരസഭയ്ക്ക് കിഴിലെ 12 മണല്‍കടവുകളിലായി 440 അംഗീകൃത മണല്‍തൊഴിലാളികള്‍ക്കാണ് ഇതോടെ തൊഴില്‍ ലഭിക്കുക.
Next Story

RELATED STORIES

Share it