Flash News

പൊന്നാനിയില്‍ തോണി മുങ്ങി 6 കുട്ടികള്‍ മരിച്ചു

പൊന്നാനി: മലപ്പുറം ചങ്ങരംകുളത്തിന് സമീപം നരണിപ്പുഴയിലെ കുണ്ടുംകുഴി കടവില്‍ തോണി മറിഞ്ഞ് ആറു വിദ്യാര്‍ഥികള്‍ മരിച്ചു. മരിച്ചവരെല്ലാം ബന്ധുക്കളാണ്. നാലു പെണ്‍കുട്ടികളും രണ്ട്  ആണ്‍കുട്ടികളുമാണ് മരിച്ചത്. രണ്ടു പെണ്‍കുട്ടികളും തോണിക്കാരനും നീന്തിരക്ഷപ്പെട്ടു.
മാപ്പാലിക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന എന്ന ചിന്നു (12), ദിവ്യയുടെ മകന്‍ ആദിദേവ് (8), വേലായുധന്റെ മകള്‍ വൈഷ്ണ (20), ജയന്റെ മകള്‍ പൂജ എന്ന ചിന്നു (15), സഹോദരി ജനിഷ (11), പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകന്‍ ആദിനാഥ് (14) എന്നിവരാണു മരിച്ചത്. ആദിനാഥിന്റെ സഹോദരി ശിവഖി, തോണിക്കാരന്‍ വേലായുധന്‍ (55), നരണിപ്പുഴ വെള്ളക്കടവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ (9) എന്നിവര്‍ നീന്തിരക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. വാടകയ്‌ക്കെടുത്ത തോണിയാണ് അപകടത്തില്‍പ്പെട്ടത്. യാത്ര പുറപ്പെട്ട് 25 മീറ്റര്‍ എത്തിയപ്പോള്‍ തോണിയില്‍ കെട്ടിയ പായ കാറ്റിലുലഞ്ഞു. ഇത് അഴിച്ചുമാറ്റുന്നതിനിടയില്‍ തോണിയുടെ വിടവിലൂടെ വെള്ളം കയറുകയായിരുന്നുവെന്ന് വേലായുധന്‍ പറഞ്ഞു.
തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേലായുധന്‍ അപകടനില തരണം ചെയ്തു. ഇയാളെ മെഡിക്കല്‍ ഐസിയുവിലേക്ക് മാറ്റി. അപകടത്തിന്റെ നടുക്കത്തില്‍ ഇദ്ദേഹം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരിക്കാന്‍ പ്രത്യേക ഉത്തരവ് വാങ്ങിയതായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it