malappuram local

പൊന്നാനിയില്‍ ഗുണ്ടാസംഘങ്ങളും കഞ്ചാവ് മാഫിയയും പിടിമുറുക്കുന്നു

പൊന്നാനി: പൊന്നാനിയിലെ വിവിധയിടങ്ങളില്‍ ഗുണ്ടാസംഘങ്ങളുടെയും കഞ്ചാവ് മാഫിയകളുടെയും വിളയാട്ടം വര്‍ധിക്കുന്നു.ഒരാഴ്ച മുമ്പ് പൊന്നാനി കൊല്ലന്‍പടിയില്‍ വെച്ച് യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി.പൊന്നാനി മരക്കടവ് സ്വദേശിയും, കൊല്ലന്‍ പടിയില്‍ താമസക്കാരനുമായ കൊമ്പന്‍ തറയില്‍ കബീറി (27)നെയാണ് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഒരു വര്‍ഷം മുമ്പുണ്ടായ കത്തികുത്തിന്റെ പ്രതികാരമെന്നോണമാണു കഴിഞ്ഞ ആഴ്ചയിലും അക്രമമുണ്ടായത്.കഴിഞ്ഞ ദിവസം കഞ്ചാവ് വേട്ടക്കിടെ എക്‌സൈസ് സംഘത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച് വിലങ്ങുമായി ഓടി രക്ഷപ്പെട്ടതും ഈ സംഘമെന്നാണു പോലീസ് പറയുന്നത്.
എക്‌സൈസ് ഓഫീസറെ കുത്തി പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട മരക്കടവ് സ്വദേശി സുല്‍ഫിക്കര്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഒരു വര്‍ഷം മുമ്പ് സുല്‍ഫിക്കറിന്റെ സുഹൃത്ത് പൊലീസ് പിടിയിലായ കബീറിനെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു.ഇതേത്തുടര്‍ന്ന് ഇരു ഗ്യാങ്ങും തമ്മില്‍ വൈരാഗ്യം നിലനിന്നിരുന്നു. ഒരാഴ്ച മുമ്പ് കബീറിനെ തേടി സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലന്‍പടിയില്‍ എത്തുകയും ചെയ്തു.വാക്കു തര്‍ക്കത്തിനൊടുവില്‍ കബീറിനെ കുത്താനായി കത്തിവീശുകയും, കത്തി പിടിച്ചെടുത്ത് സംഘത്തിലുണ്ടായിരുന്ന സക്കീറിനെ കുത്തുകയുമായിരുന്നുവെന്ന് പിടിയിലായ കബീര്‍ പൊലീസിന് മൊഴി നല്‍കി.
സ്ഥിരമായി കഞ്ചാവിനും, മദ്യത്തിനും അടിമകളായ സംഘങ്ങള്‍ തമ്മില്‍ നിരന്തമായി ഏറ്റുമുട്ടലുകളുണ്ടാവുന്നത് പൊലീസിനും തലവേദനയായിരിക്കുകയാണ്.പൊലീസ് അറസ്റ്റ് ചെയ്ത കബീറിനെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it