malappuram local

പൊന്നാനിയില്‍ കടല്‍ പ്രക്ഷുബ്ധം; തീരം ഭീതിയില്‍

പൊന്നാനി: പൊന്നാനി പാലപ്പെട്ടി വെളിയംകോട്, താനൂര്‍ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമായി. തീരം കനത്ത ഭീതിയില്‍.കേരളാ തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കടല്‍ പ്രക്ഷുബ്ദമായത്.
നേരത്തെ ഓഖി ദുരന്ത സമയത്തും സമാനമായ അവസ്ഥയാണ് ഉണ്ടായതെന്ന് തീരത്തുള്ളവര്‍ പറയുന്നു.ന്യൂനമര്‍ദം ശക്തിപ്പെടുകയും  ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറുകയും ചെയ്തതാണ് കടല്‍ പ്രക്ഷുബ്ദമാവാന്‍ കാരണം. ശക്തമായ കാറ്റാണ് തീരത്ത് ആഞ്ഞടിക്കുന്നത്. താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.കടലില്‍ കാറ്റിന്റെ വേഗം 65 കിലോമീറ്റര്‍ വരെ, തിരകള്‍ 3 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.കടല്‍ പ്രക്ഷുബ്ദമായതിനാല്‍ ഇന്നലെ മല്‍സ്യത്തൊഴിലാളികളാരും കടലില്‍ പോയിട്ടില്ല.
കഴിഞ്ഞ രണ്ടുദിവസമായി കടല്‍ മൂടിക്കെട്ടിയ നിലയിലായതിനാലും ബോട്ടുകള്‍ കടലിലിറക്കിയിരുന്നില്ല.മത്സ്യത്തൊഴിലാളികള്‍  കടലില്‍ പോകുന്നതിനെ ഫിഷറീസ് വകുപ്പും വിലക്കിയിരുന്നു.കാറ്റ് ശക്തമായതിനാല്‍ തീരത്തുള്ളവര്‍ ഏറെ ആശങ്കയിലാണ്. കടലില്‍ പോകാന്‍ കഴിയാതെ വന്നതോടെ തീരം പട്ടിണിയിലുമായി.
Next Story

RELATED STORIES

Share it